കൊല്ലം: കുന്നത്തൂർ മണ്ഡലത്തിൽ അഞ്ചാമങ്കത്തിനൊരുങ്ങുകയാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ആർ.എസ്.പി.യിൽനിന്ന് വഴിപിരിഞ്ഞ് ആർ.എസ്.പി.(ലെനിനിസ്റ്റ്) രൂപവത്കരിച്ച കുഞ്ഞുമോൻ രേഖകളിൽ ഇപ്പോഴും സ്വതന്ത്രൻതന്നെ. തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. കുഞ്ഞുമോനും പാർട്ടി സംസ്ഥാനസെക്രട്ടറി എസ്.ബലദേവും വഴിപിരിയലിന്റെ ഘട്ടത്തിലാണ്. പാർട്ടിഘടകങ്ങളിൽ മേധാവിത്വമുറപ്പിക്കാൻ ഇരുപക്ഷവും കൊണ്ടുപിടിച്ച ശ്രമത്തിലും.
ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കാത്തതിലും കോർപ്പറേഷനുകളിലോ ബോർഡുകളിലോ പ്രാതിനിധ്യം നൽകാത്തതിലും അനുയായികളിൽ കടുത്ത അതൃപ്തിയുണ്ട്. ഇതിനിടെ വീണുകിട്ടിയ പി.എസ്.സി. മെമ്പർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വഴിപിരിയലിലെത്തിയത്. പാർട്ടിക്കാരനല്ലാത്തയാളെ നിയമിക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം.
തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനുപിന്നാലെ നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരേ പാർട്ടിയിൽ വിമർശനമുയർന്നിരുന്നു. പാർട്ടി കുന്നത്തൂർ മണ്ഡലം സെക്രട്ടറി നേരത്തേ രാജിവെച്ച് ഔദ്യോഗിക ആർ.എസ്.പി.യിൽ ചേർന്നിരുന്നു.
ആർ.എസ്.പി. ഇടതുമുന്നണി വിട്ടപ്പോൾ ഒപ്പംപോയ കുഞ്ഞുമോൻ പെട്ടെന്നൊരു ദിവസം പാർട്ടി വിടുകയായിരുന്നു. ഉറപ്പുനൽകിയ ഡെപ്യൂട്ടി സ്പീക്കർ പദവി കിട്ടാത്തതിലെ പ്രതിഷേധമായിരുന്നു ഇത്. സി.പി.എമ്മിന്റെ ആശീർവാദത്തോടെയാണ് ആർ.എസ്.പി.ലെനിനിസ്റ്റ് രൂപവത്കരിച്ചത്. പുതിയപാർട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരൻ നായരും ഒരു വിഭാഗവും അധികം വൈകാതെ കുഞ്ഞുമോനെ വിട്ടുപോയി. പിന്നീടുവന്ന സെക്രട്ടറിയാണ് ഇപ്പോൾ വഴിപിരിയുന്നത്.
2001-ൽ പന്തളം സുധാകരനെ തോൽപ്പിച്ചാണ് കുഞ്ഞുമോൻ ആദ്യം നിയമസഭയിലെത്തിയത്. തുടർന്ന് മൂന്നുവട്ടംകൂടി ജയം. 2016-ൽ അടുത്തബന്ധുവും ആർ.എസ്.പി. സ്ഥാനാർഥിയുമായ ഉല്ലാസ് കോവൂരിനെയാണ് പരാജയപ്പെടുത്തിയത്. ആരൊക്കെ പോയാലും സി.പി.എം. ഇത്തവണയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കുഞ്ഞുമോൻ. സീറ്റ് ഏറ്റെടുക്കണമെന്ന താത്‌പര്യം സി.പി.എമ്മിലെ ഒരു വിഭാഗത്തിനുണ്ട്. കെ. സോമപ്രസാദ് എം.പി.യെ സ്ഥാനാർഥിയാക്കണമെന്നാണ് അവരുടെ താത്‌പര്യം. എന്നാൽ, കുഞ്ഞുമോൻതന്നെ മതിയെന്ന നിലപാടിൽ മറുപക്ഷവും ശക്തമായുണ്ട്.