തിരുവനന്തപുരം: കുന്നത്തൂർ എം.എൽ.എ.യും അവിവാഹിതനുമായ കോവൂർ കുഞ്ഞുമോന് പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിൽത്തന്നെ ‘വിവാഹാലോചന’ തുടങ്ങി. കഴിഞ്ഞ മൂന്നുനാല് സഭകളിൽ സജീവമായ ചർച്ച നടന്നെങ്കിലും ഇപ്പോഴും കുഞ്ഞുമോൻ സംസാരിച്ചുതുടങ്ങിയാൽ ഇനിയും കല്യാണം വൈകുന്നതിൽ ‘ക്രമപ്രശ്ന’വുമായി മറ്റംഗങ്ങൾ എണീക്കും.

തന്റെ മണ്ഡലത്തിലെ ശാസ്താംകോട്ട തടാകം പുനരുജ്ജീവിപ്പിച്ചാലല്ലാതെ വിവാഹം കഴിക്കില്ലെന്ന് കുഞ്ഞുമോൻ പണ്ട് സഭയിൽ ശപഥംചെയ്തതാണ്. എന്നാൽ, വിവാഹം കഴിച്ചിട്ടല്ലാതെ ശാസ്താംകോട്ട തടാകത്തെപ്പറ്റി കുഞ്ഞുമോൻ ഇനി മിണ്ടരുതെന്ന് കഴിഞ്ഞ സഭയിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ ‘റൂൾ’ ചെയ്തിരുന്നു.

തിങ്കളാഴ്ച ബജറ്റ് ചർച്ചയിൽ കുഞ്ഞുമോൻ വീണ്ടും ശാസ്താംകോട്ട തടാകത്തിലേക്ക് സഭയുടെ ശ്രദ്ധക്ഷണിച്ചു. കൊല്ലം ജില്ലയിലെ വിനോദസഞ്ചാര സർക്യൂട്ടിൽ മന്ത്രി ബാലഗോപാൽ ഈ തടാകത്തെ ഉൾപ്പെടുത്താത്തതിലായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. അതോടെ, കഴിഞ്ഞ സഭയിലെ സ്പീക്കറുടെ ‘റൂളിങ്’ നെന്മാറ എം.എൽ.എ. കെ. ബാബു സഭയെ ഓർമിപ്പിച്ചു. വിവാഹം കഴിക്കാതെ ശാസ്താംകോട്ട കായലിനെപ്പറ്റി കുഞ്ഞുമോൻ നടത്തിയ പരാമർശം രേഖകളിൽനിന്നു നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിവാഹത്തെപ്പറ്റി കുഞ്ഞുമോൻ മൗനംപാലിച്ചു.