കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് തട്ടിയെടുക്കപ്പെട്ടതിനെത്തുടർന്ന് പോലീസ് വീണ്ടെടുത്ത കുഞ്ഞിന് അജയ്യ എന്നുപേരിട്ടു. കുഞ്ഞിന് ഈ പേരിട്ടുകൂടെയെന്ന് എസ്.ഐ. റെനീഷ് ചോദിച്ചപ്പോൾ അച്ഛനമ്മമാർ സമ്മതിക്കുകയായിരുന്നു.

പോരാട്ടങ്ങളെ അതിജീവിച്ചവൾ എന്ന അർഥത്തിലാണ് ആ പേരുനൽകിയത്. അച്ഛൻ ശ്രീജിത്ത്, പോരാട്ടങ്ങളെ അതിജീവിച്ചുവന്ന മകളെക്കുറിച്ച് പറഞ്ഞപ്പോഴാണ് റെനീഷ് പേര് നിർദേശിച്ചത്. പോലീസ് സംഘം, ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തി ദമ്പതിമാർക്ക് ഉപഹാരം നൽകി. ദമ്പതിമാർ പോലീസ് സ്റ്റേഷനിലെത്തി പോലീസുകാർക്ക് കേക്കും ലഡുവും വിതരണംചെയ്ത്‌ സന്തോഷം അറിയിച്ചു.

‘ഇത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്,’ -ഗാന്ധിനഗർ എസ്.ഐ.റെനീഷ് മാധ്യമങ്ങളോട് ഇത് പറയുമ്പോൾ പരിസരം നിറഞ്ഞുനിന്ന കാക്കിധാരികൾക്കെല്ലാം ആനന്ദക്കണ്ണീർ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കാണാതായ കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തിയ സംഘത്തിൽ പ്രധാന പങ്കുവഹിച്ച ആളായിരുന്നു റെനീഷ്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പോലീസ് അസോസിയേഷന്റെ മധുരവിതരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവചികിൽസാ വിഭാഗത്തിൽനിന്നാണ് വണ്ടിപ്പെരിയാർ സ്വദേശികളായ ശ്രീജിത്ത്-അശ്വതി ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന് നഴ്‌സസ് സ്റ്റേഷനിൽനിന്ന് അറിയിച്ചപ്പോൾത്തന്നെ ഗാന്ധിനഗർ സ്റ്റേഷനിലെ പാറാവ് ജോലിക്കാരൻ ഒഴികെ മുഴുവൻപേരും കളത്തിലിറങ്ങി. ഓരോ മുക്കുംമൂലയും അരിച്ചുപെറുക്കി. സ്വന്തം കുഞ്ഞിനെ കാണാതായ വേദനയോടെയാണ് ഓരോ പോലീസുകാരനും ഈ ദൗത്യത്തിൽ ഏർപ്പെട്ടത്.

ഇതിനിടെയാണ് ടാക്‌സി ഡ്രൈവർ അലക്‌സിന്റെ വിളിയെത്തുന്നത്. സമീപത്തെ ഹോട്ടലിൽനിന്ന് റിസപ്ഷനിസ്റ്റ് എലിസബത്ത് അറിയിച്ച വിവരമാണ് അലക്‌സ് പോലീസിന് കൈമാറിയത്. ഞൊടിയിടെ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കണ്ടെത്തി. ടാക്‌സിക്കാർക്കും സംഭവത്തെക്കുറിച്ച് പോലീസ് അറിയിപ്പ് നൽകിയിരുന്നു. കുഞ്ഞുമായി ആരെങ്കിലും ഓട്ടം വരുന്നുണ്ടോ എന്ന് നോക്കണമെന്നും നിർദേശിച്ചിരുന്നു. ശ്രീജിത്തും അശ്വതിയും കുഞ്ഞുമായി ശനിയാഴ്ച വീട്ടിലേക്ക്‌ മടങ്ങി.

content highlights: kottayam medical college child missing case