കോട്ടയം: കോടികൾ മറിയുന്ന മണർകാട്ടെ ചീട്ടുകളികേന്ദ്രത്തിനായി പോലീസിലും രാഷ്‌ട്രീയ നേതാക്കളിലും സ്വാധീനമുറപ്പിച്ച ഗുണ്ടകൾക്ക് പിന്നാലെ ഒാടിയെത്താനാകാതെ പോലീസ് കിതയ്ക്കുന്നു. ഗുണ്ടകൾക്കൊപ്പംചേർന്ന് കുറ്റംചെയ്തെന്ന് സ്വയം സമ്മതിച്ചിട്ടും ഇൻസ്പെക്ടർക്കെതിരേ നടപടിയെടുക്കാനാകാതെ ഉന്നത ഉദ്യോഗസ്ഥർ വിയർക്കുകയാണ്.

ക്രിമിനലുകൾ ഭരണതലത്തിൽ സ്വാധീനമുറപ്പിച്ചതിന്റെ തെളിവാണ് പോലീസ് രഹസ്യങ്ങൾ ചോർത്തുകയും, ഗുണ്ടകളിൽനിന്ന് മാസപ്പടി വാങ്ങുകയും ചെയ്തെന്ന് കണ്ടെത്തിയ മണർകാട് ഇൻസ്പെക്ടർക്കെതിരേ നടപടിയെടുക്കാനാകാത്ത അവസ്ഥ. ഇൻസ്പെക്ടർക്കെതിരേ നടപടിയെടുക്കാത്തതിൽ പോലീസിലും അതൃപ്തിയുണ്ട്.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടികളാണിതെന്നും വിമർശനമുണ്ട്. ചീട്ടുകളിയിലെ ലാഭസാധ്യത കണ്ടാണ് ചില രാഷ്ടീയ, മതനേതാക്കൾ ഇതിൽ പങ്കാളിയായത്. ഇവരുടെ പിൻബലത്തിൽ, പണവും പാരിതോഷികവും നൽകി സംസ്ഥാനത്തെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കുകയും ചെയ്തതോടെ ക്രൗൺ ക്ലബ്ബ്‌ കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രമായി.

അടുത്തിടെ വിരമിച്ച ഒരു ബിഷപ്പ് ചീട്ടുകളികേന്ദ്രം നടത്തിപ്പിൽ പങ്കാളിയാണ്. ഇദ്ദേഹത്തിന്റെ, കണക്കിൽപ്പെടാത്ത പണമിടപാടുകൾ നടത്തുന്നതിന് ക്ലബ്ബിൽ ജിവനക്കാരനെയും നിയമിച്ചിരുന്നു. ഈ ബിഷപ്പും ജില്ലയിലെ ഒരു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയനേതാവും ചേർന്നാണ് നടത്തിപ്പുകാരന് വിവിധ പാർട്ടിക്കാരെ പരിചയപ്പെടുത്തിയത്. ഈ നേതാക്കളെ, പ്രതിയായ കെ.വി. സുരേഷ് വീട്ടിൽവരുത്തി സത്കരിച്ച് പാരിതോഷികങ്ങൾ നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ഒരുനേതാവിന് തിരഞ്ഞെടുപ്പ് സംഭാവനയായി ലക്ഷങ്ങൾ നൽകി. യു.ഡിഎഫ്. സർക്കാർ നടത്തിയ ‘ഒാപ്പറേഷൻ കുബേരയിൽ’ ഈ നേതാവ് സഹായിച്ചതിനുള്ള ചീട്ടുകളികേന്ദ്രം നടത്തിപ്പുകാരന്റെ പ്രതിഫലമായിരുന്നു ഇത്. മറ്റൊരു സംസ്ഥാന നേതാവ് പ്രതി സുരേഷിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. ചില രാഷ്ട്രീയനേതാക്കളുടെയും, രണ്ട് ബിഷപ്പുമാരുടെയും കണക്കിൽപ്പെടാത്ത പണം ബ്ലേഡ് ഇടപാടിനായി ഈ നടത്തിപ്പുകാരനെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന പ്രതി കെ.വി. സുരേഷിനെയും ഇൻസ്പെക്ടറെയും സംരക്ഷിക്കുന്നത് സി.പി.എമ്മിലെ രണ്ട് നേതാക്കളും പോലീസിലെ ചില ഉദ്യോഗസ്ഥരുമാണെന്നും ആരോപണമുണ്ട്. നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ ഇയാൾതന്നെ പ്രചരിപ്പിക്കുകയും ഇത് കാട്ടി ഉദ്യോഗസ്ഥരുടെമേൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. തന്റെ ബിസിനസ് പങ്കാളിയായ ഒരു ഡി.ജി.പിക്ക് ഒപ്പംനിൽക്കുന്ന ചിത്രവും സുരേഷ് സ്ഥലത്തെ പോലീസിനെ പേടിപ്പിക്കാൻ പ്രചരിപ്പിച്ചു.

Content Highlights: Kottayam Manarakad gambling center, Police Former Bishop, local political leaders are partners