p c georgeകോട്ടയം: റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന ജോസ് കെ.മാണി എം.പി.യുടെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ കര്‍ഷക സമൂഹത്തോടും മാധ്യമങ്ങളോടും എം.പി.മാപ്പു പറയണമെന്ന് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.

ബി.ജെ.പി.യുമായുള്ള രാഷ്ട്രീയചര്‍ച്ചയ്ക്കാണ് കെ.എം.മാണി മകനെ ഡല്‍ഹിക്ക് അയച്ചത്. കര്‍ഷകരെ കബളിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് കേരളത്തിന്റെ ചുമതലയുളള കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുമായും ചര്‍ച്ച നടന്നത്. എന്നാല്‍, മാണിയുടെ കാപട്യം ബി.ജെ.പി. കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞതായും പി.സി.ജോര്‍ജ് പറഞ്ഞു.
 
റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ബുധനാഴ്ച കോട്ടയത്ത് പ്രഖ്യാപിച്ച ഹര്‍ത്താലിനെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പിന്തുണയ്ക്കും. എല്‍.ഡി.എഫിലേക്ക് കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ പ്രവേശം വൈകില്ല. ഇക്കാര്യത്തില്‍  ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനുള്‍പ്പെടെയുളള ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായും പി.സി.ജോര്‍ജ് പറഞ്ഞു.