കോട്ടയം: ബാര്‍കോഴക്കേസില്‍, കെ.എം.മാണിയെ കുറ്റവിമുക്തനാക്കാനുള്ള നീക്കമാണ് വിജിലന്‍സ് അന്വേഷണസംഘത്തിെേന്റതന്ന് പി.സി.ജോര്‍ജ്. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കോടതിയോടുള്ള അവഹേളനമാണ്.
മാണിക്കെതിരെ കേസ് ചാര്‍ജുചെയ്യുന്നതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് എസ്.പി.സുകേശന്‍ കോടതിക്കു സമര്‍പ്പിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ പിന്‍ബലത്തിലുള്ള റിപ്പോര്‍ട്ടാണ്. സഹിക്കാന്‍വയ്യാത്ത മാനസികസമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണോ എസ്.പി.സുകേശന്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സംശയിക്കുന്നു.
25 ലക്ഷം രൂപ കെ.എം.മാണി ബാറുടമകളില്‍നിന്നു വാങ്ങിയതായി കോടതി നിരീക്ഷിച്ചിരുന്നു. പാലായിലെ സ്വകാര്യവസതിയിലും തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലുംവെച്ചാണ് തുക മാണി കൈപ്പറ്റിയതെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ മുമ്പ് കോടതി പറഞ്ഞത്.
ബാക്കി 75 ലക്ഷം രൂപ കെ.എം.മാണി ബാറുടമകളില്‍നിന്നു കൈപ്പറ്റിയോയെന്ന്, സ്വാധീനത്തിനു വഴങ്ങാതെ തുടരന്വേഷണം നടത്തണമെന്നായിരുന്നു കോടതിനിര്‍ദേശം. രാജിവെച്ചു പുറത്തുപോയ കെ.എം.മാണിയെ വളഞ്ഞവഴിയിലൂടെ മന്ത്രിസഭയില്‍ തിരികെയെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.
ഇതിനെതിരെ നിയമത്തിന്റെ എല്ലാ സാധ്യതകളിലൂടെയും പോരാട്ടം തുടരുമെന്നും പിസി.ജോര്‍ജ് അറിയിച്ചു. കേരള കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.