ആലപ്പുഴ: സംസ്ഥാനം കടുത്തവേനലിലേക്കു കടക്കുമ്പോൾ കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൂടേറുന്നു. മറ്റുജില്ലകളെ അപേക്ഷിച്ച്‌ ശരാശരിയെക്കാൾ അധികചൂടാണ് രണ്ടിടത്തും. 34.4 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരിയെങ്കിൽ തിങ്കളാഴ്ച 38.4 ആണ് കോട്ടയം ജില്ലയിൽ രേഖപ്പെടുത്തിയത്. നാലുഡിഗ്രിയുടെ വർധന. ആലപ്പുഴയിൽ 36.8 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണമായി ഈ സമയത്ത്‌ പുനലൂർ (ശരാശരി 36.5), പാലക്കാട് (36.2) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. എന്നാൽ, ഈ വർഷം പുനലൂരിൽ പതിവുപോലെയും പാലക്കാട്ട് ഒരു ഡിഗ്രി കുറവുമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനു കാരണമെന്തെന്നു പഠിക്കേണ്ടിയിരിക്കുന്നുവെന്ന് കാലാവസ്ഥാ ഗവേഷകൻ രാജീവൻ ഇരിക്കുളം പറഞ്ഞു. തീരദേശം അധികമുള്ളതിനാലും ഈർപ്പം നിലനിൽക്കുന്നതിനാലും ആലപ്പുഴയിൽ ചൂടുകൂടാം. കോട്ടയം ജില്ലയിൽ ഭൂപ്രകൃതിയിൽവന്നിട്ടുള്ള വ്യത്യാസങ്ങളാകാം കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 20-നുശേഷം നിലവിലുള്ള അവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്നാണ്‌ കാലാവസ്ഥാനിരീക്ഷകരുടെ നിഗമനം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ.) കേരളതീരത്തേക്കു വരുന്നതോടെ മഴയ്ക്ക്‌ സാധ്യത കൂടും. മേഘങ്ങൾ ഭൂമധ്യരേഖാപ്രദേശത്തിനുചുറ്റും കിഴക്കുദിശയിൽ സഞ്ചരിക്കുന്നതാണ് മാഡൻ ജൂലിയൻ ഓസിലേഷൻ എന്നറിയപ്പെടുന്നത്. ഇതെത്തുന്ന സ്ഥലങ്ങളിലെ സാഹചര്യമനുസരിച്ച്‌ മഴയും ന്യൂനമർദങ്ങളും ചുഴലിക്കാറ്റും രൂപപ്പെടാൻ അനുകൂലസാഹചര്യം ഉണ്ടാകും. ഈർപ്പമുള്ള അവസ്ഥകളിൽ ഇത്‌ ശക്തിപ്രാപിക്കുമെന്നിരിക്കെ, ഈ മാസം 20-നുശേഷം കേരളത്തിലേക്ക്‌ പ്രവേശിക്കും. ഇതോടെ ഇരുജില്ലകളിലെയും ചൂടിനു ശമനമുണ്ടാകുമെന്നു കാലാവസ്ഥാനിരീക്ഷകർ വ്യക്തമാക്കുന്നു.

സൂര്യൻ ഭൂമധ്യരേഖയിലേക്ക് അടുക്കുന്നതിനാൽ സൂര്യപ്രകാശത്തിനു തീവ്രതയേറുന്നുണ്ട്. 22-ഓടുകൂടി നേർരേഖയിലെത്തും. അതിനുശേഷം ചൂടുകുറഞ്ഞുതുടങ്ങുമെന്നു കുസാറ്റ് റഡാർകേന്ദ്രം ഗവേഷകൻ ഡോ. എം.ജി. മനോജ് പറഞ്ഞു. വരണ്ടകാറ്റും നിലവിലെ ചൂടിനുകാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

content highlights: kottayam and alappuzha enters into hot summer