കോട്ടയം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയെത്തുടർന്ന് ഇപ്പോൾ തെരുവിൽ നടത്തുന്ന സമരം കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് കെമാൽ പാഷ. കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം ലംഘിച്ച് ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് സ്ത്രീകൾക്കു തീരുമാനിക്കാം. അല്ലാതെ തെരുവിലിറങ്ങി ബഹളംവെക്കുകയല്ല വേണ്ടത്. സമരക്കാർ വിവരക്കേടാണ് വിളിച്ചുപറയുന്നത്. സമരം നടത്തുന്ന രാഷ്ട്രീയപ്പാർട്ടി സുപ്രീംകോടതിയിൽ എല്ലാം സമ്മതിച്ചു. ഇപ്പോൾ അവർ തെരുവിൽ സമരം നടത്തുന്നു. അടുത്ത തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട്, വോട്ടുബാങ്ക് എന്ന ലക്ഷ്യത്തോടെയാണ് അവർ മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻമാത്രമാണ് സമരം. ശബരിമല വിഷയത്തിൽ റിവ്യൂഹർജി കൊടുത്താലും പ്രയോജനമുണ്ടാകില്ല. കാരണം, വിധിയിൽ യാതൊരു തെറ്റുമില്ല. തെറ്റുണ്ടെങ്കിൽ മാത്രമേ റിവ്യൂഹർജി കൊടുത്തിട്ടു കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇതു കോടതിയിൽ വരേണ്ട പ്രശ്നമല്ല. ഒരുവർഷമായി സുപ്രീംകോടതി ഇതുപോലെയുള്ള വിഷയങ്ങളാണു കൈകാര്യംചെയ്യുന്നത്. ഇവയൊന്നും സാമൂഹികപ്രസക്തിയുള്ളതല്ലെന്നും കെമാൽ പാഷ പറഞ്ഞു.