കോട്ടയം: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്ത് നികുതി വെട്ടിച്ചെന്ന സംശയത്തില്‍ സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന് മോട്ടോര്‍വാഹനവകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ചയാണ് കോട്ടയം ആര്‍.ടി.ഒ. കെ.പ്രേമാനന്ദന്‍ നോട്ടീസയച്ചത്.

മോട്ടോര്‍വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍, ജില്ലയില്‍ രണ്ടുപേര്‍ ഇത്തരത്തില്‍ നികുതിവെട്ടിച്ചെന്നു സംശയമുയര്‍ന്നിരുന്നു. തിരുവനന്തപുരം സ്വദേശി അരുണ്‍കുമാറാണ് മറ്റൊരാള്‍. ഇരുവരും കോട്ടയത്തെ ആര്‍.ടി.ഓഫീസില്‍ വാഹനങ്ങള്‍ താത്കാലികമായി രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ സ്ഥിരമായി രജിസ്റ്റര്‍ചെയ്‌തെന്നാണു കണ്ടെത്തിയത്.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്തതിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഓഫീസില്‍ നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും നോട്ടീസയച്ചതെന്ന് ആര്‍.ടി.ഒ. പറഞ്ഞു.

പോണ്ടിച്ചേരിയില്‍ തനിക്കു സ്ഥിരമായ വിലാസമുണ്ടെന്നും അതിന്റെ വിവരങ്ങള്‍ ഏതുസമയത്തും ഹാജരാക്കാന്‍ തയ്യാറാണെന്നും സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ പറഞ്ഞു.