കോട്ടയം: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചാലക്കുടി വീരംപറമ്പില്‍ രാജീവിന്റെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് കേരള ജനപക്ഷം െചയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയനായ സി.പി.ഉദയഭാനുവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. ഈ ഇടപാടില്‍ ഒരു എ.ഡി.ജി.പി., എസ്.പി. എന്നിവര്‍ക്ക് ബന്ധമുള്ളതിനാല്‍ കേസ് സിബി.ഐ.ക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

സി.പി.എം. നേതാക്കള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനാണ് ആരോപണവിധേയന്‍. ബി.ജെ.പി നേതാവ് വി.മുരളീധരന്‍ കൊടുത്ത മാനനഷ്ടകേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുവേണ്ടി ഹാജരായത് ഇദ്ദേഹമാണ്. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയും കേസുകള്‍ നടത്തുന്നുണ്ട്.

ആലുവ റൂറല്‍ എസ്.പി.യുടെ അവിഹിത ഇടപെടലും സ്വാധീനവും കേസില്‍ വ്യക്തമാണ്. അതിനാല്‍ സംസ്ഥാന പോലീസ് ഇത് അന്വേഷിക്കുന്നത്, മോഷണം തെളിയിക്കാന്‍ മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം നൂറു ശതമാനം നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.