കൊട്ടാരക്കര: ശബരിമലയിൽ അറസ്റ്റിലായി, കോടതി റിമാൻഡ് ചെയ്ത ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കൂടെയുണ്ടായിരുന്ന രാജൻ, സന്തോഷ് എന്നിവരെ കൊട്ടാരക്കര സബ് ജയിലിലടച്ചു.

ചിറ്റാർ പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ സൂക്ഷിച്ചിരുന്ന സുരേന്ദ്രന്റെ അറസ്റ്റ് ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് രേഖപ്പെടുത്തിയത്. പുലർച്ചെ ആറരയോടെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി. റിമാൻഡിലായ ഇവരെ ഏഴരയോടെയാണ് ചിറ്റാറിൽനിന്ന് കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോയത്. ഇരുമുടിക്കെട്ട് സൂക്ഷിക്കാനും പൂജ ചെയ്യാനും കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ സുരേന്ദ്രൻ ഇതുമായാണ് ജയിലിലേക്ക് പോയത്.

പുലർച്ചെ മൂന്നുമണിയോടെ ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചിറ്റാർ സ്റ്റേഷനിൽനിന്ന് സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകാനെത്തിയത്. റിമാൻഡ് ചെയ്യാനാണ് നീക്കമെന്നറിഞ്ഞതോടെ സുരേന്ദ്രൻ എതിർത്തു. പോലീസ് ബലം പ്രയോഗിച്ചാണ് ജീപ്പിൽ കയറ്റിയത്. പോലീസ് വാഹനം ചിറ്റാർ വിട്ടതോടെ സ്റ്റേഷന് മുമ്പിലെ നാമജപപ്രതിഷേധം അവസാനിച്ചു.

പത്തനംതിട്ടയിലെത്തിച്ച സുരേന്ദ്രനെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പോലീസ് ക്രൂരമായി മർദിച്ചെന്നും മരുന്ന് കഴിക്കാൻ സമ്മതിച്ചില്ലെന്നും ഭക്ഷണവും പ്രാഥമികസൗകര്യംപോലും നിഷേധിച്ചെന്നും അദ്ദേഹം ജഡ്ജിക്ക് മൊഴിനൽകി.

ഇവരെ കയറ്റിയ പോലീസ് വാഹനം ജയിലിന്‌ മുന്നിലെത്തിയപ്പോൾ പ്രവർത്തകർ നാമജപം നടത്തി പ്രതിഷേധിച്ചു. ഇതിനിടയിലൂടെ പാടുപെട്ടാണ് ഇവരെ ജയിലിലേക്ക് കൊണ്ടുപോയത്. ഒ. രാജഗോപാൽ എം.എൽ.എ. ജയിലിൽ സുരേന്ദ്രനെ സന്ദർശിച്ചു.

ജയിലിനുമുന്നിൽ അനിശ്ചിതകാല നാമജപം

കെ. സുരേന്ദ്രനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ കൊട്ടാരക്കര സബ് ജയിലിനുമുന്നിൽ നാമജപ പ്രതിഷേധം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച നാമജപം, സുരേന്ദ്രനെ ജയിലിൽനിന്ന്‌ പുറത്തുവിടുന്നതുവരെ തുടരുമെന്ന് നേതാക്കൾ പറഞ്ഞു.

അയ്യപ്പനുവേണ്ടി ആയുസ്സ് മുഴുവനും ജയിലിൽ കിടക്കാൻ തയ്യാർ

അയ്യപ്പനുവേണ്ടി ആയുസ്സ് മുഴുവനും ജയിലിൽ കിടക്കാനും തയ്യാറാണ്. ആചാരസംരക്ഷണത്തിനു വേണ്ടി എന്ത് പീഡനം സഹിക്കേണ്ടിവന്നാലും അത് ഭാഗ്യമായി കരുതുന്നു. ഇരുമുടിക്കെട്ട് താഴെയിട്ട് ചവിട്ടിയതിന് പോലീസ് മറുപടി പറയേണ്ടിവരും. നിയമലംഘനം നടത്താതെ സന്നിധാനത്തേക്ക് പോയ എന്നെ അറസ്റ്റു ചെയ്തതിനെതിരേ നിയമനടപടി സ്വീകരിക്കും.-കെ. സുരേന്ദ്രൻ,ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി