കോട്ടയ്ക്കല്‍: പെട്രോള്‍പമ്പുകളില്‍ സ്മാര്‍ട്ട് കാര്‍ഡുപയോഗിക്കുന്നവരില്‍നിന്ന് ബാങ്കുകള്‍ വന്‍തുക സര്‍വീസ്ചാര്‍ജ് ഈടാക്കുന്നു. പെട്രോള്‍ ബങ്കുകളിലടക്കം സ്മാര്‍ട്ട് കാര്‍ഡുകളുപയോഗിക്കണമെന്ന് സര്‍ക്കാരും കാര്‍ഡുകള്‍ സ്വീകരിക്കുമെന്ന് പെട്രോളിയം കമ്പനികളും വ്യാപകമായി പരസ്യംചെയ്യുന്നതിനിടെയാണ് ഉപയോക്താക്കളറിയാതെ ബാങ്കുകളുടെ ഈ നടപടി. നോട്ടുപ്രതിസന്ധികാരണം സര്‍വീസ് ടാക്‌സുകള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ളകാര്യവും ഇവര്‍ കണക്കിലെടുക്കുന്നില്ല.
കാര്‍ഡ് ഉപയോഗിച്ചതിന്റെ ബില്ലും പണം ഈടാക്കിയതായി ബാങ്കിന്റെ സന്ദേശവും
സ്മാര്‍ട്ട് കാര്‍ഡുപയോഗിച്ച് ഇന്ധനമടിക്കുന്നവരില്‍നിന്ന് നികുതിക്കുപുറമേ സര്‍വീസ്ചാര്‍ജും ഈടാക്കുകയാണ്. 500 രൂപവരെയുള്ള ഒരു ഇടപാടിന് 10 രൂപവരെയാണ് സര്‍വീസ്ചാര്‍ജ്. 500 രൂപയ്ക്ക് പെട്രോളോ ഡീസലോ അടിച്ചാല്‍ 10 രൂപയും രണ്ടരശതമാനം നികുതിയും ഈടാക്കും. സ്മാര്‍ട്ട്കാര്‍ഡ് ൈസ്വപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്ലിപ്പില്‍ ഈ അധികതുക രേഖപ്പെടുത്താതെയാണ് പണം ഈടാക്കുന്നത്. അതിനാല്‍ അധികമാരും ഇത് ശ്രദ്ധിക്കില്ല. അക്കൗണ്ട് പരിശോധിക്കുമ്പോഴേ കൂടുതല്‍ പണം ഈടാക്കിയതായി മനസ്സിലാകൂ.
സാധാരണ വ്യാപാരസ്ഥാപനങ്ങളില്‍ സ്വൈപ്പിങ് യന്ത്രം ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവിന് അധികബാധ്യത വരുന്നില്ല. സ്ഥാപനമുടമതന്നെ നികുതിയും സര്‍വീസ്ചാര്‍ജും ബാങ്കുകള്‍ക്ക് നല്‍കുകയാണ് പതിവ്. േെപട്രാള്‍പമ്പുടമകള്‍ ഇതിന് തയ്യാറാകാത്തതിനാല്‍ ബാങ്കുകള്‍ ഈ ഭാരം ഉപയോക്താക്കള്‍ക്കുമേല്‍ കെട്ടിവെക്കുകയാണ്. എന്നാല്‍ എല്ലാബാങ്കുകളും ഇങ്ങനെ ചെയ്യുന്നുമില്ല.
നോട്ടുപ്രതിസന്ധി ഉണ്ടായതോടെ ഇന്ധനമടിക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ് കൂടിയിട്ടുണ്ട്. പണമിടപാടുകളെല്ലാം സ്മാര്‍ട്ടാക്കാനുള്ള സര്‍ക്കാരിന്റെ തീവ്രശ്രമത്തിനിടെ ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
നോട്ടുപ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒഴിവാക്കിയിരുന്ന പല സര്‍വീസ് ചാര്‍ജുകളും അറിയിപ്പൊന്നും കൂടാതെ പല ബാങ്കുകളും ഈടാക്കിത്തുടങ്ങിയിട്ടുമുണ്ട്. അക്കൗണ്ടുള്ള ബാങ്കിന്റെ ഏതുശാഖയില്‍നിന്നും പാസ്ബുക്കുമായെത്തി പണം പിന്‍വലിക്കാമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.