കോട്ടയ്ക്കൽ: ജി.എസ്.ടിയിൽ ഇറച്ചിക്കോഴികളുടെ നികുതി ഇല്ലാതാക്കിയത് തിരിച്ചടിയായത് കേരളത്തിലെ ഉത്പാദകർക്ക്. കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം നികുതി എടുത്തു കളഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ക്രമാതീതമായി കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തെ കോഴി ഉത്പാദകരെയും ഫാമുകളെയും സാരമായി ബാധിച്ചെന്നാണ് കർഷകർ പറയുന്നത്.

ജി.എസ്.ടിക്ക് മുൻപ്‌ കേരളത്തിൽ ആവശ്യമുള്ളതിന്റെ 45 ശതമാനവും ഉത്പാദനം കേരളത്തിൽ തന്നെയായിരുന്നു. 55 ശതമാനം തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. വിപണി സ്വതന്ത്രമായതോടെ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് കോഴി എത്തിക്കാനായത് കേരളത്തിലെ ഫാമുകളെ പ്രതികൂലമായി ബാധിച്ചെന്നാണ് പൗൾട്ട്രി ഭാരവാഹികൾ പറയുന്നത്.

22 ലക്ഷം കിലോ കോഴിയിറച്ചിയാണ് സംസ്ഥാനത്ത് ഒരു ദിവസം വിറ്റു പോകുന്നത്. ഇതിന്റെ 75 ശതമാനവും തമിഴ്‌നാട്ടിൽനിന്നാണ്. കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിലും തൊഴിലാളികളുടെ കൂലിയിലുമെല്ലാം സംസ്ഥാനത്തേക്കാൾ കുറഞ്ഞ ചെലവാണ് തമിഴ്‌നാട്ടിൽ വരുന്നത്. അതിനാൽ കേരളത്തിലെ കർഷകർക്ക് പിടിച്ചു നിൽക്കാനാവുന്നില്ല.

കോഴിക്ക് 87 രൂപയായും ഇറച്ചിക്കോഴിക്ക് 158 രൂപയായും നൽകണമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും അത് പിന്നീട് നടപ്പാകാതെ പോകുകയായിരുന്നു. സർക്കാർ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം വർധിപ്പിച്ച് വിപണിയിൽ ഇടപെടാനായിരുന്നു സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ഒരുകോടി കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ ഇതൊന്നുംതന്നെ വൻ തോതിലുള്ള ഉത്പാദനത്തിന് മതിയാവുന്നതല്ല. സർക്കാർ സംവിധാനത്തിലൂടെ കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവൂ. ജി.എസ്.ടിക്കുശേഷം മുട്ടക്കോഴിയുടെ (ലഗോൺ) വില കുറഞ്ഞിരുന്നു. ഇറച്ചിക്കോഴിക്ക് വില കൂടിയും കുറഞ്ഞുമാണ് ഈ കാലയളവിൽ വില്പന നടത്തിയിരുന്നത്.

സർക്കാർ സംവിധാനമൊരുക്കണം

സർക്കാർ ഇടപെട്ട് ഹാച്ചറി സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. കുറഞ്ഞ നിരക്കിൽ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. എം. താജുദ്ദീൻ( ഓൾ കേരള പൗൾട്ട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്).