കോട്ടയ്ക്കൽ: മെഡിക്കൽ പ്രവേശന വിജ്ഞാപനംവന്ന്‌ ദിവസങ്ങളായിട്ടും സംശയപരിഹാരത്തിന് മതിയായ സൗകര്യങ്ങളില്ലാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും വലയ്ക്കുന്നു. സംശയം ചോദിക്കാൻ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ നൽകിയ എട്ട്‌ ഹെൽപ്പ്‌ ലൈൻ നമ്പറുകളിൽ വിളിച്ചാൽകിട്ടുന്നത്‌ മൂന്നെണ്ണം മാത്രം.

24 മണിക്കൂറും സഹായം ലഭ്യമാകുമെന്ന്‌ അറിയിച്ചിട്ടുള്ള നാല്‌ നമ്പറുകളും 10 മണി മുതൽ അഞ്ചുമണിവരെ ലഭ്യമാകുന്ന നാല്‌ നമ്പറുകളുമാണ് നൽകിയിരുന്നത്. സാങ്കേതികത്തകരാറുകളും വിളിക്കുന്നവരുടെ എണ്ണക്കൂടുതലുമാണ് തടസ്സങ്ങൾക്ക്‌ കാരണമെന്നാണ്‌ അധികൃതരുടെ വിശദീകരണം. ട്രയൽ അലോട്ട്‌മെന്റ്‌, സംവരണനടപടികൾ, ഫീസ്‌, കോഴ്‌സ്‌ കോഡുകൾ, ഓപ്‌ഷൻ രജിസ്റ്റർ ചെയ്യലും റദ്ദാക്കലും, പരിഷ്‌കരിക്കൽ തുടങ്ങിയവ സംബന്ധിച്ചാണ്‌ കൂടുതൽ സംശയങ്ങൾ. സംശയം മാറാത്തതിനാൽ കുട്ടികൾ തെറ്റായ വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യേണ്ടിവരികയാണ്.

പ്രവേശന നടപടികൾ സുഗമമാക്കാൻ ജില്ലകളിലായി 37 കോളേജുകളിൽ സഹായകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, ഭൂരിഭാഗം കേന്ദ്രങ്ങളിലും ഫോൺ പ്രവർത്തനരഹിതമോ വിളിച്ചാൽ കിട്ടുകയോ ഇല്ല. തിരുവനന്തപുരം-ആറ്, കൊല്ലം-അഞ്ച്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി-മൂന്നു വീതം, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌- രണ്ടുവീതം, വയനാട്, തൃശ്ശൂർ-ഒന്നുവീതം, എന്നിങ്ങനെയാണ്‌ സഹായകേന്ദ്രങ്ങൾ. ഒരുകേന്ദ്രം മാത്രമുള്ള തൃശ്ശൂർ, വയനാട്‌ ജില്ലകളിലെ വിദ്യാർഥികളും ബുദ്ധിമുട്ടിലാണ്.

29-ന്‌ രാവിലെ പത്തുവരെയാണ്‌ ഓപ്‌ഷൻ രജിസ്‌ട്രേഷനുള്ള സമയം. മുപ്പതിനാണ്‌ ആദ്യ അലോട്ട്‌മെന്റ്‌.

നടപടിയെടുത്തു

ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ നാലെണ്ണം പ്രവർത്തനസജ്ജമാണെന്ന്‌ ഉറപ്പുവരുത്തിയിട്ടുണ്ട്‌. പുതുതായി ഒരു നമ്പർകൂടി ഏർപ്പെടുത്തും. പ്രവേശനനടപടികൾ സുഗമമാക്കുകയാണ്‌ ലക്ഷ്യം. പ്രശ്നപരിഹാരത്തിന്‌ തുടർന്നും നടപടികളുണ്ടാകും -സുധീർ ബാബു, പ്രവേശനപരീക്ഷാ കമ്മിഷണർ.