Kottakkalകോട്ടയ്ക്കൽ: വലിയ ആഹ്ലാദത്തിലായിരുന്നു ചൊവ്വാഴ്ച കോട്ടയ്ക്കൽ കൈലാസമന്ദിരം. എടവത്തിലെ കാർത്തികനാൾ എല്ലാവർഷവും അങ്ങനെയാണ്. കൈലാസമന്ദിരത്തിന്റെയും ആര്യവൈദ്യശാലയുടെയും നാഥനായ ഡോ. പി.കെ. വാരിയരുടെ പിറന്നാൾദിനം. ഇത്തവണ 97-ലേക്ക് കടന്ന വൈദ്യകുലനായകന് ആശംസകളർപ്പിക്കാൻ സാഹിത്യകുലത്തിന്റെ നായകനായ എം.ടി. വാസുദേവൻനായരും എത്തി.

അടുത്തസുഹൃത്തായ വാരിയർക്ക് സ്നേഹത്തോടെ ഒരുചിരി, ഹസ്തദാനം, അളന്നുമുറിച്ച വാക്കുകൾകൊണ്ട് ആശംസ, ഒരുപൂച്ചെണ്ട്, പൊന്നാട-ഇത്രയുമായിരുന്നു എം.ടിയുടെ പിറന്നാൾസമ്മാനം.

പിന്നെ വാരിയർ എം.ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സദ്യയുണ്ടു.

തന്റെ പിറന്നാൾ, ആഘോഷമാക്കരുതെന്ന് വാരിയർക്ക് നിർബന്ധമുണ്ട്. എന്നാൽ അതിന് ഒത്തുകൂടലിന്റെ സ്നേഹമധുരം വേണം. അതുകൊണ്ട് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി. പതിവുപോലെ പിറന്നാൾദിനമായ ചൊവ്വാഴ്ചയും അദ്ദേഹം അതിരാവിലെ ഉണർന്ന്, അമ്മാവന്റെ സമാധിയിൽ വിളക്കുവെച്ചു, വിശ്വംഭരനെ തൊഴുതു. ഓഫീസിൽ പോയി, രോഗികളെ പരിശോധിച്ചു. ഉച്ചയോടെ സദ്യയുണ്ണാൻ കൈലാസമന്ദിരത്തിലെത്തി. മകൾ സുഭദ്രയാണ് വാരിയർക്ക് വിഭവങ്ങൾ വിളമ്പിയത്. വാരിയരുടെ പേരിൽ അടുത്ത ക്ഷേത്രങ്ങളിൽ നടത്തിയ വഴിപാടിന്റെ പ്രസാദവും വിളമ്പി.

മക്കളായ ഡോ. കെ. ബാലചന്ദ്രൻ, സുഭദ്രാരാമചന്ദ്രൻ, മരുമക്കളായ സരസ്വതി എസ്. വാരിയർ, കെ.വി. രാമചന്ദ്രൻ എന്നിവർ എത്തിയിരുന്നു.

ട്രസ്റ്റിമാരായ പി. രാഘവവാരിയർ, ഡോ. പി.എം. വാരിയർ, ഡോ. കെ. മുരളീധരൻ, ചാരിറ്റബിൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പി. ബാലചന്ദ്രൻ, ജോയിന്റ് ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, യു. പ്രദീപ്, ചീഫ്‌ മാനേജർ (മരാമത്ത്) പി.എസ്. സുരേന്ദ്രവാരിയർ എന്നിവരും ഒത്തുകൂടലിൽ പങ്കെടുത്തു.