കോട്ടയ്ക്കൽ: ‘തലസ്ഥാനനഗരത്തിലെ തമ്പാനൂരിലൂടെ വീൽച്ചെയറിൽ ഒരാൾക്ക് എത്രദൂരം മുന്നോട്ടുപോകാനാവും? ഏതൊക്കെ ഓഫീസുകളിൽ പരസഹായമില്ലാതെ ചെല്ലാനാവും?’- വോയ്സ് ഓഫ് ഡിസേബിൾഡ് സംസ്ഥാന പ്രസിഡന്റ് നാസിർ മനയിലിന്റേതാണ് ചോദ്യം.

ഓഫീസുകൾ കയറിയിറങ്ങാനും പൊതു ഇടങ്ങളിൽ സഞ്ചരിക്കാനും ഭിന്നശേഷിക്കാർക്ക് തടസ്സം പാടില്ലെന്ന കർശനനിയമം വന്നിട്ട് രണ്ടരവർഷമായി. എന്നാൽ, കണ്ണൂരൊഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ഭിന്നശേഷിസൗഹൃദം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാനനഗരങ്ങളിലെ നിരത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല.

2016 ഡിസംബറിലാണ് ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള നിയമം (റൈറ്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട്‌) കേന്ദ്രസർക്കാർ നടപ്പാക്കിയത്. ഇതിനുമുമ്പുതന്നെ ഇക്കാര്യത്തിൽ നടപടി തുടങ്ങിയ സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ആ നിയമത്തിനും നാലുമാസംമുമ്പ് കണ്ണൂരിനെ സമ്പൂർണ ഭിന്നശേഷി സൗഹൃദജില്ലയായി പ്രഖ്യാപിക്കാനായത്.

ആ പ്രഖ്യാപനം നടത്തുമ്പോൾ വകുപ്പുമന്ത്രി കെ.കെ. ശൈലജ സംസ്ഥാനമൊട്ടാകെ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അതുണ്ടായില്ല. കണ്ണൂരിൽത്തന്നെയും പ്രധാനനിരത്തുകൾ, വലിയ സ്വകാര്യസ്ഥാപനങ്ങൾ, എ.ടി.എം. കൗണ്ടറുകൾ, പൊതുശൗചാലയങ്ങൾ എന്നിവ ഇനിയും മാറാനുണ്ട്.

മലപ്പുറത്തും വയനാട്ടിലും സർക്കാർ ഓഫീസുകൾ ഭിന്നശേഷിസൗഹൃദമാക്കുന്ന ജോലികൾ ‘പേരിന്’ നടക്കുന്നു. സംസ്ഥാനബജറ്റിൽ തുച്ഛമായ തുകയാണ് നീക്കിവെയ്ക്കുന്നത്. ഇത്തവണ ആകെ നീക്കിവെച്ച 18 കോടിയിൽ ഏഴുകോടിയും പദ്ധതി തുടങ്ങാൻ പോകുന്ന തൃശ്ശൂർ ജില്ലയ്ക്കാണ്. ബാക്കിതുകയാണ് മലപ്പുറം, വയനാട് ജില്ലകൾക്കുള്ളത്.

രണ്ടിടത്തെയും മുഴുവൻ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കണമെങ്കിൽ തുക തികയില്ല. ഇതിനിടയിൽ പൊതുമരാമത്തുവകുപ്പ് പുതുതായി പണിയുന്ന കെട്ടിടങ്ങൾപോലും ഭിന്നശേഷിസൗഹൃദമാവാൻ ശ്രദ്ധിക്കുന്നുമില്ല. ഇതുപിന്നീട് അധികച്ചെലവുണ്ടാക്കും. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളാണ് ഭിന്നശേഷിവിരുദ്ധമായ മറ്റൊരിടം.

ഭിന്നശേഷിക്കാർ 7.9 ലക്ഷം

സാമൂഹികനീതിവകുപ്പിന്റെ 2015-ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 7.9 ലക്ഷം ഭിന്നശേഷിക്കാരുണ്ട്. ഇപ്പോൾ ഇതിൽക്കൂടുതലുണ്ടാവും. പ്രധാനനഗരങ്ങളിലെങ്കിലും വീൽച്ചെയറിൽ പോകാവുന്ന പാതകൾ, സൈൻബോർഡുകൾ, ഓഫീസുകളിലേക്ക് സുഗമമായി ചെല്ലാവുന്ന റാംപുകൾ, ലിഫ്റ്റുകൾ, ഭിന്നശേഷി ടോയ്‌ലെറ്റുകൾ, എ.ടി.എമ്മുകൾ... ഇതൊക്കെയാണ് ഭിന്നശേഷിക്കാരുടെ മുഖ്യ ആവശ്യങ്ങൾ.

ആക്സസിബിൾ ഇന്ത്യാ പദ്ധതിയിൽ തിരുവനന്തപുരം നഗരത്തിലെ നിരത്തുകളും 47 സർക്കാർ ഓഫീസുകളും ഭിന്നശേഷിസൗഹൃദമാക്കാനുള്ള എസ്റ്റിമേറ്റ് സാമൂഹികനീതിവകുപ്പ് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നെങ്കിലും അത് മടങ്ങി.

ഫണ്ടാണ് പ്രശ്നം

സർക്കാർ ഓഫീസുകൾ മുഴുവൻ ഭിന്നശേഷിസൗഹൃദമാക്കുന്നതിന് ഭീമമായ തുക വേണ്ടിവരും. ഘട്ടംഘട്ടമായേ നടപ്പാക്കാനാകൂ. വയനാട്, മലപ്പുറം ജില്ലകളിൽ ഓഫീസുകളുടെ നവീകരണം നടക്കുകയാണ്. തൃശ്ശൂർ ജില്ലയെക്കൂടി തിരഞ്ഞെടുത്തിട്ടുണ്ട്, ആദ്യഘട്ടത്തിനുള്ള ഫണ്ടും അനുവദിച്ചു.

-എസ്. ജലജ, അസിസ്റ്റൻറ് ഡയറക്ടർ, സാമൂഹികനീതിവകുപ്പ്