കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കല്‍ പെരുമണ്ണ ക്ലാരിയില്‍ ഒരാഴ്ചമുന്‍പുണ്ടായ ഭൂമിപിളര്‍പ്പിനുകാരണം ഭൂമിക്കടിയിലെ മണ്ണൊലിപ്പാണെന്ന് (സോയില്‍ പൈപ്പിങ്) കണ്ടെത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (എന്‍.സി.ഇ.എസ്.എസ്.) സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി. ശങ്കറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രദേശത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ജില്ലയില്‍ പാണ്ടിക്കാട്, മലപ്പുറം ടൗണ്‍, കാലിക്കറ്റ് സര്‍വകലാശാലാ പരിസരം എന്നിവിടങ്ങളില്‍ ഇതേ പ്രതിഭാസം മുന്‍പ് കണ്ടെത്തിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ടോമോഗ്രഫി സര്‍വേ ഉപയോഗിച്ചാണ് പ്രദേശത്തെ ഭൂമിക്കടിയിലെ മണ്ണൊലിപ്പ് കണ്ടെത്തുന്നത്. രണ്ടുദിവസം പ്രദേശത്ത് പഠനം നടത്തും. അതിനുശേഷമേ വ്യാപ്തിയും ഉറവിടവും കണ്ടെത്താനാകൂ.

ഭൂമി പിളര്‍ന്നസ്ഥലത്ത് ഒരു ഗുഹയും സമീപപ്രദേശങ്ങളില്‍ മൂന്നോളം ഗുഹകളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ കിണറുകളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

കുഴല്‍ക്കിണറുകള്‍ കുഴിക്കുന്ന പ്രകമ്പനങ്ങള്‍ വിള്ളലിന് കാരണമായതായി ജിയോളജിസ്റ്റുകള്‍ പ്രാഥമികപരിശോധനയില്‍ പറഞ്ഞിരുന്നു. ഭൂജല വകുപ്പ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുഴല്‍ക്കിണറുകളല്ല പ്രശ്‌നകാരണമെന്നാണ് പറയുന്നത്.

പ്രക്ഷോഭ് പി. രാജന്‍, ടി.എം. മിഥുന്‍, എല്‍ദോസ്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടികളക്ടര്‍ സി. അബ്ദുല്‍ റഷീദ്, ജില്ലാ ഭൂഗര്‍ഭജലവകുപ്പ് ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ് എം. അലി, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ജിതിന്‍ വിജയ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂമിക്കടിയിലെ മണ്ണൊലിപ്പ് മുന്‍പ് കണ്ടെത്തിയിരുന്നു.
 
ഭൂമിക്കടിയിലെ മണ്ണൊലിപ്പ്

മൂന്നുതട്ടുകളിലായുള്ള ഭൂമിയുടെ രണ്ടാമത്തെ തട്ടിലുള്ള കളിമണ്ണ് ഒലിച്ചുപോവുകയും ഇതോടെ മേല്‍മണ്ണ് താഴേക്ക് പതിക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്. മഴക്കാലത്ത് ഇതിന്റെ വ്യാപ്തി കൂടും. ഇത്തരം ഭൂമി വീടുനിര്‍മാണത്തിന് അനുയോജ്യമല്ല.