കോട്ടയ്ക്കല്‍: കംപ്യൂട്ടറില്‍ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മൊബൈലിലേതുപോലെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇമോജികളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ് എത്തി. 'ബയോണിക് ബീവര്‍' (Bionic Beaver,18.04 ) എന്നാണ് പുതിയ പതിപ്പിന്റെ പേര്.

ഡെസ്‌ക്ടോപ്പ് പൂര്‍ണമായും ഗ്നോം 3-യിലേയ്ക്ക് മാറി എന്നതാണ് പുതിയ പതിപ്പിന്റെ സവിശേഷത. ഭാവിയിലെ ഉപകരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ടുള്ളതാണ് ഇതിലെ മെനുവും ബട്ടണുകളുമെല്ലാം. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യത്തിലടക്കം കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആണ് പുതിയ പതിപ്പ്.

മറ്റുപല ഗ്നു/ലിനക്‌സ് പതിപ്പുകളും ഗ്നോമിലേക്ക് നേരത്തേ മാറിയിരുന്നുവെങ്കിലും മാസങ്ങള്‍ക്കുമുമ്പുമാത്രമാണ് ഉബുണ്ടു ഇതിനുതയ്യാറായത്. താത്കാലികപതിപ്പില്‍ പരീക്ഷിച്ചുവിജയം കണ്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ദീര്‍ഘകാലപതിപ്പില്‍(എല്‍.ടി.എസ്.) ഇത് ഇടം പിടിച്ചത്.

ഉബുണ്ടുവിന്റെ തനതുഡെസ്‌ക്ടോപ്പ് ഇനി മുതല്‍ ഗ്നോം ആയെങ്കിലും മറ്റ് ഡെസ്‌ക്ടോപ്പുകളും ഉപയോഗിക്കാം.

ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ കിട്ടുന്ന മലയാളം ഫോണ്ടുകളും കൂടുതല്‍ ടൈപ്പിങ് രീതികളും പുതിയ ഉബുണ്ടുവിലുണ്ട്. മംഗ്ലീഷ് രീതിയിലും ടൈപ്പ് ചെയ്യാം.

വെബ്‌സൈറ്റുകളുടെ ഭാഗമായ കളര്‍ ഇമോജികള്‍ ഉബുണ്ടുവില്‍ മുമ്പും കിട്ടിയിരുന്നെങ്കിലും ഉബുണ്ടുവിന്റെതായ ആപ്ലിക്കേഷനുകളില്‍ കിട്ടിയിരുന്നില്ല. ഇന്‍സ്റ്റാള്‍ ചെയ്യുന്ന കളര്‍ ഇമോജി ഫോണ്ടുകളാവട്ടെ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുകളില്‍ വേണ്ടവണ്ണം പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു.

പുതിയ പതിപ്പില്‍ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുകളില്‍ കളര്‍ ഇമോജിക്ക് വലിയ പിന്തുണ ലഭിക്കും. ടൈപ്പ് ചെയ്യുന്നിടത്ത് എവിടെയും റൈറ്റ് ക്ലിക് ചെയ്താല്‍ ഇന്‍സേര്‍ട്ട് ഇമോജി സൗകര്യം ഉണ്ടാവും.

കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ഒരു ടുഡു ആപ്പ് ആണ് മറ്റൊരു സവിഷേഷത. പുതിയ ഡെസ്‌ക്ടോപ്പ് പരിചയപ്പെടുത്താന്‍ ഉബുണ്ടുവുല്‍ത്തന്നെ വീഡിയോ ഹെല്‍പ്പുമുണ്ട്.

ലിബര്‍ ഓഫീസിന്റെയും ഫയര്‍ഫോക്‌സിന്റെയും ലിനക്‌സ് കേണലിന്റെയുമെല്ലാം സാമാന്യം പുതിയ പതിപ്പുകളാണ് ഉള്ളതെന്നതിനാല്‍ സൗകര്യവും സുരക്ഷയും കൂടും. പുതിയ പതിപ്പിന് 2023 വരെ അപ്‌ഡേറ്റുകള്‍ ലഭിക്കും. ഡൗണ്‍ലോഡ് ചെയ്യാന്‍ ubuntu.com സന്ദര്‍ശിക്കുക.