പ്ലാപ്പള്ളി: അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന ഗൃഹനാഥകൾ യാത്രയായതോടെ മൂന്ന് കുടുംബങ്ങൾ തീരാവേദനയിലായി. ശനിയാഴ്ച രാവിലത്തെ അതിശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലാണ് പ്ലാപ്പള്ളി സ്വദേശികളായ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും മരിച്ചത്. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (44), മുണ്ടകശ്ശേരിയിൽ എം.ടി.വേണുവിന്റെ ഭാര്യ റോഷ്നി (42), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58) എന്നിവരാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. സോണിയയുടെ മകൻ അലനും (അപ്പു-12) ഒപ്പം മരിച്ചു.

ഞായറാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. ശനിയാഴ്ച രാവിലെ കനത്ത മഴയെത്തുടർന്ന് ജോമിയുടെ വീടിനടുത്ത് ചെറിയ മണ്ണിടിച്ചിലുണ്ടായി. ഇത് കാണാനായി ജോമിയുടെ ഭാര്യ സോണിയ, മകൻ അലൻ, റോഷ്നി എന്നിവരെത്തി. തിരികെ മോഹനന്റെ ചായക്കടയിലെത്തി സംസാരിച്ചുനിൽക്കുന്നതിനിടെ റോഡിന് മുകളിലുള്ള ജോമിയുടെ വീടും പുരയിടവും ഒന്നായി അടർന്ന് ഇവർനിന്ന കടയുടെ മുകളിൽ പതിക്കുകയായിരുന്നു.

കടയിൽ മോഹനന്റെ ഭാര്യ സരസമ്മ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവം നടക്കുന്നതിന് തൊട്ടടുത്തുണ്ടായിരുന്ന മൂവരുടെയും ഭർത്താക്കൻമാർ നോക്കിനിൽക്കുമ്പോഴായിരുന്നു ദുരന്തം. കൂട്ടിക്കലിൽനിന്ന്‌ ഇവിടേക്കുള്ള വഴികൾ മണ്ണിടിഞ്ഞ് തടസ്സപ്പെട്ടതോടെ രാത്രി വൈകിയാണ് നാട്ടുകാർ സ്ഥലത്തെത്തിയത്.