കൂട്ടിക്കൽ (കോട്ടയം): കൂട്ടിക്കലെ കാവാലി മുണ്ടയ്ക്കൽ അപ്പച്ചൻ ഇപ്പോഴും താൻ ജീവിച്ചിരിക്കുന്നത് ദൈവകൃപയാൽ ആണെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിൽ, ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബത്തിനൊപ്പം അപ്പച്ചനും ഉരുളിൽ മൺമറഞ്ഞേനെ.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപ്പച്ചൻ അയൽപക്കത്തെ മാർട്ടിന്റെ വീട്ടിൽചെന്നത്. നോക്കുമ്പോൾ വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നു. പന്തികേട്‌ തോന്നി. ഇവിടെനിന്ന് തത്‌കാലം മാറിനിൽക്കാനും അദ്ദേഹം മാർട്ടിനോട് ആവശ്യപ്പെട്ടതാണ്. അല്ലെങ്കിൽ, തന്റെ വീട്ടിൽ വന്നിരിക്കാനും പറഞ്ഞു.

‘അത് കുഴപ്പമില്ല. ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്ന് മാർട്ടിനും അമ്മ അന്നക്കുട്ടിയും പറഞ്ഞു. എങ്കിലും അപ്പച്ചൻ നിർബന്ധിച്ചപ്പോൾ, എന്നാൽ, ഊണുകഴിഞ്ഞിട്ട് വരാമെന്നായി. അപ്പച്ചൻചേട്ടൻ അത്രയുംനേരം ഇവിടെ ഇരിക്കേണ്ടെന്നും മാർട്ടിൻ പറഞ്ഞു. തുടർന്ന്, അപ്പച്ചൻ സ്വന്തം വീട്ടിലേക്കുപോന്നു. വീട്ടിലെത്തി അധികം കഴിയുംമുമ്പേ ഇടിവെട്ടുന്നതുപോലുള്ള ശബ്ദം കേട്ടു. നോക്കിയപ്പോൾ മാർട്ടിന്റെ വീടിന് മുകളിൽ മലവെള്ളം.

‘രാവിലെ മുതൽ കനത്ത മഴയായിരുന്നു. മാർട്ടിന്റെ കുടുംബവുമായി, സംഭവത്തിന് അരമണിക്കൂർ മുമ്പും സംസാരിച്ചിരുന്നു എന്റെ ഭർത്താവ് ജോസ്. അതുകൊണ്ട് ആദ്യംകേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. പൊതുവേ, ഇവിടം ഉരുൾപൊട്ടാത്ത സ്ഥലമാണ്. വീട് വലിയ പൊക്കത്തിലുമല്ല. മലവെള്ളപ്പാച്ചിലിൽ വീട് ഒന്നാകെ ഒലിച്ചുപോയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല,’-അയൽപക്കത്തെ പേഴുംകാല വീട്ടിൽ ജോളി പറയുന്നു.

ഇൗ ഭാഗത്ത് 20 വീടുകളുണ്ട്്. അതിൽ ആദ്യകാലത്തുള്ള വീടുകളിലൊന്നാണ് മാർട്ടിന്റേത്. മാർട്ടിന്റെ പഴയ വീടിന് താഴെയായിട്ടാണ് പുതിയ വീട് പണിതത്. പഴയ വീടിന്റെ തറഭാഗം ഇടിഞ്ഞ് പുതിയ വീടിന്റെ മുകളിലേക്ക്‌ വീണു.