കൂത്തുപറമ്പ്: നീലക്കുറിഞ്ഞി ഉദ്യാനം അല്പംപോലും സ്ഥലക്കുറവ് വരുത്താതെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീലക്കുറിഞ്ഞി പൂക്കാന്‍പോകുന്ന സ്ഥലം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കാന്‍ പോകുന്നു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല.

12 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം ജനങ്ങള്‍ക്ക് പൂര്‍ണമായി ആസ്വദിക്കാനുള്ള എല്ലാ സൗകര്യവുമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നീലക്കുറിഞ്ഞി പൂക്കുന്ന വേളയില്‍ ഇത് കാണാനെത്തുന്നവര്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായിരുന്നു. പ്രദേശത്തെ ജനങ്ങളെക്കുറിച്ചും കൃഷി, മരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും വിശദമായ പഠനങ്ങള്‍ നടത്താനുള്ള യോഗവും ചേര്‍ന്നിരുന്നു.
 
എന്നാല്‍, ജനങ്ങള്‍ ഇതിനെതിരുനില്‍ക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്താനല്ല എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തെന്ന് മനസ്സിലാക്കാനുള്ള വിശദമായ പഠനമാണ് നടത്തേണ്ടത്.
 
റവന്യൂ, വനം മന്ത്രിമാരെയും നാട്ടുകാരനായ വൈദ്യുതിമന്ത്രിയെയും അതിനായാണ് യോഗം ചുമതലപ്പെടുത്തിയത്. യാതൊരു തര്‍ക്കവിതര്‍ക്കങ്ങളുമില്ലാതെ നടന്ന യോഗത്തെക്കുറിച്ച് വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.