വടകര: 14 വർഷത്തിനിടെ കൂടത്തായിയിലെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോളി രണ്ടു പെൺകുട്ടികളെക്കൂടി വധിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. ചാത്തമംഗലത്തെ കോൺഗ്രസ് നേതാവ് രാമകൃഷ്ണൻ 2016-ൽ മരിച്ചസംഭവത്തിൽ ജോളിയുടെ പങ്ക് അന്വേഷിച്ചുതുടങ്ങുന്നതിനിടെയാണ് കുരുന്നുകളെ കൊല്ലാൻശ്രമിച്ച വിവരവും പുറത്തുവന്നത്.

കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ട് കെ.ജി. സൈമണാണ് ഈ വധശ്രമത്തെക്കുറിച്ചുള്ള വിവരം മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചത്. ‘ഗൗരവകരമായ കേസാണിത്. ഇപ്പോൾ ജോളിയെ അറസ്റ്റ്ചെയ്തതുകൊണ്ട് ഇവിടെ നിന്നു...’ എസ്.പി. വ്യക്തമാക്കി.

പെൺകുട്ടികൾ ആരെന്ന് എസ്.പി. വെളിപ്പെടുത്തിയില്ല. ഒരു പെൺകുട്ടി ജോളിയുടെ കുടുംബാംഗം തന്നെയാണെന്നാണ് വിവരം. സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടത്താൻ ജോളിക്ക് സഹായം നൽകിയ ഉദ്യോഗസ്ഥയുടെ കുട്ടിയാണ് മറ്റൊന്ന്. കുട്ടിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് സംഭവം. ഇക്കാര്യം കുട്ടിയുടെ അമ്മ അന്ന് അറിഞ്ഞിരുന്നില്ല. ഇവരുടെ മൊഴി ചൊവ്വാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ കൊല്ലാൻ ശ്രമിച്ചകാര്യം അന്വേഷണസംഘം ഇവരെ അറിയിച്ചു. ഇതുൾപ്പെടെ അന്വേഷിക്കുമെന്ന് എസ്.പി. പറഞ്ഞു. ജോളിയുടെ അറസ്റ്റിനുമുമ്പേതന്നെ കുട്ടികളെ കൊല്ലാൻ ശ്രമിച്ചതിനെക്കുറിച്ച്‌ സൂചന കിട്ടിയിരുന്നു. ഒരു പരാതിയും കിട്ടി. ജോളിയുടെ മൊഴിയോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവന്നത്.

പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. മനോവൈകൃതമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്. പെൺകുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്ന് ജോളിയുടെ മൊഴിയുണ്ട്.

പൊതുവായ ഒരു കാരണം കൊലപാതകങ്ങളിലൊന്നും കാണാൻ കഴിയുന്നില്ലെന്നതും പോലീസിനെ കുഴക്കുന്നുണ്ട്. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകളും മൊഴികളും കിട്ടിയിട്ടുണ്ടെന്ന് എസ്.പി. പറഞ്ഞു.

അന്വേഷണം കട്ടപ്പനയിലും

ജോളിയുടെ ചെറുപ്പകാലം മുതലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ജോളിയുടെ നാടായ കട്ടപ്പനയിൽ നാലുദിവസം പോലീസ് തങ്ങി. ജോളിയുടെ വീടിന്റെ തൊട്ടടുത്തായിരുന്നു താമസം. അറസ്റ്റിനുമുമ്പേ അന്വേഷണം പൂർത്തിയാക്കി. ജോളിയുടെ സ്വഭാവവൈചിത്ര്യം അറിയുന്നതിനായിരുന്നു ഈ അന്വേഷണം.

കസ്റ്റഡി അപേക്ഷ ഇന്ന്‌

റിമാൻഡിൽ കഴിയുന്ന ജോളിയെ പോലീസ് കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ ബുധനാഴ്ച ക്രൈംബ്രാഞ്ച് താമരശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്-2 മുമ്പാകെ നൽകും. 15 ദിവസത്തേക്കാണ് കസ്റ്റഡി ചോദിക്കുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരമാവധി ദിവസങ്ങളിൽ ജോളിയെ കസ്റ്റഡിയിൽ തെളിവെടുക്കാനാണ് പോലീസിന്റെ ഉദ്ദേശ്യം.

വിദേശത്ത് രാസപരിശോധന; തീരുമാനം ഇന്ന്

കൂടത്തായി കേസിൽ വിദേശത്തെ ലാബുകളിൽ രാസപരിശോധന നടത്തുന്നത് സംബന്ധിച്ച തീരുമാനം ബുധനാഴ്ച ഉണ്ടാകും. കല്ലറകളിൽനിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധിച്ച ഫൊറൻസിക് സർജൻ ഉൾപ്പെടെയുള്ള വിദഗ്ധരുമായി പോലീസ് ബുധനാഴ്ച ഇക്കാര്യം സംസാരിക്കും. വിദേശത്തെ ലാബുകളിൽ പരിശോധന ആവശ്യമുണ്ടോ, ഉണ്ടെങ്കിൽത്തന്നെ എന്തൊക്കെയാണ് പരിശോധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചർച്ചചെയ്യുക. എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തിങ്കളാഴ്ച റൂറൽ എസ്.പി. കെ.ജി. സൈമണെ അറിയിച്ചിരുന്നു. ഇതിന് കോടതിയുടെ അനുമതിയും വേണ്ടിവരും. ഡി.എൻ.എ. പരിശോധന, സയനൈഡിന്റെ അംശം കണ്ടെത്താനുള്ള പരിശോധന എന്നിവയാണ് നടത്തേണ്ടത്.

Content Highlights: koodathai murders; jolly tried to kill two more girls