തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ ആറുകേസുകൾ രജിസ്റ്റർ ചെയ്യുമെന്ന്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

കേസന്വേഷണത്തിലും തുടർനടപടികളിലും ഇതു ഗുണംചെയ്യുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. വേണ്ടിവന്നാൽ നിലവിലുള്ള അന്വേഷണസംഘം വിപുലീകരിക്കും. നിലവിൽ സാങ്കേതികസഹായം നൽകുന്നവരുൾപ്പെടെ 35 പേരാണ് അന്വേഷണസംഘത്തിലുള്ളത്.

കേസിൽ വിദഗ്ധസഹായത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന്റെ മുൻ ഡയറക്ടറും ഫൊറൻസിക് വിഭാഗം മേധാവിയുമായ ഡോ. തിരത് ദാസ് ഡോഗ്രയുമായി ബെഹ്റ ആശയവിനിമയം നടത്തി. അദ്ദേഹം ഉൾപ്പെടെയുള്ളവരുമായി അഭിപ്രായം തേടിയശേഷമാകും മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധന നടത്തുന്നതിൽ അന്തിമതീരുമാനമെടുക്കുക.

പരമാവധി പരിശോധനകൾ ഇന്ത്യയിൽ നടത്താൻ തന്നെയാകും ശ്രമിക്കുക. രാജ്യത്ത് പരിശോധന സാധ്യമാകാത്ത അവസ്ഥയുണ്ടായാൽ മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തയച്ചു പരിശോധിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.