ചാത്തമംഗലം (കോഴിക്കോട്): കൂടത്തായി കൊലക്കേസിൽ അറസ്റ്റിലായശേഷം ജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ നിർവികാരയായിരുന്ന ജോളി അൾത്താരയ്ക്കുമുന്നിലെത്തിയപ്പോൾ കണ്ണീരണിഞ്ഞു. തെളിവെടുപ്പിന്റെ ഭാഗമായി ചാത്തമംഗലം എൻ.ഐ.ടി. കാമ്പസിലെ കമ്പനിമുക്കിലുള്ള സെയ്‌ന്റ് ജോസഫ് ചർച്ചിലെത്തിച്ചപ്പോഴാണ് അവരിൽ ഭാവമാറ്റമുണ്ടായത്. ഒരു പകൽനീണ്ട തെളിവെടുപ്പിന്റെ അവസാനഘട്ടത്തിൽ വൈകീട്ട് അഞ്ചോടെയാണ് ജോളിയെ പള്ളിയിലെത്തിച്ചത്.

പള്ളിക്കുള്ളിൽ അഞ്ചുമിനിറ്റോളമാണ് ജോളി ഉണ്ടായിരുന്നത്. ഒപ്പം ഡിവൈ.എസ്.പി.യും വനിതാ പോലീസുകാരുമുൾപ്പെടെ പത്തോളംപേർ. അൾത്താരയ്ക്ക് അഭിമുഖമായി പ്രത്യേകിച്ച് ഭാവഭേദമില്ലാതെയാണ് ജോളി കുറച്ചുനേരം നിന്നത്. തുടർന്ന് കപ്യാർ ജോസഫ് സേവ്യർ വന്നു. അദ്ദേഹത്തോട് ജോളിയെ നേരത്തേ കണ്ടിട്ടുണ്ടോ എന്ന് ഡിവൈ.എസ്.പി. ആർ. ഹരിദാസ് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. കപ്യാരെ കണ്ടിട്ടുണ്ടോ എന്ന് ജോളിയോടു ചോദിച്ചപ്പോഴും മറുപടി അതുതന്നെയായിരുന്നു. കൂടുതൽ ചോദ്യങ്ങളിലേക്കു കടന്നപ്പോഴേക്കും ജോളിയുടെ ഭാവം മാറി. നിറഞ്ഞ കണ്ണുകൾ ഒപ്പുന്നതു കാണാമായിരുന്നു. അതോടെ അവിടത്തെ തെളിവെടുപ്പ് അവസാനിപ്പിച്ച് ജോളിയെ പോലീസ് വാഹനത്തിലേക്കു കയറ്റി.

പള്ളിയിൽ തെളിവെടുപ്പ് നടത്താനെത്തുന്നകാര്യം പോലീസ് അറിയിച്ചിരുന്നില്ലെന്ന് ചർച്ച് സെക്രട്ടറി പറഞ്ഞു. ജോളി പള്ളിയിൽ വരാറുണ്ടായിരുന്നോ എന്ന് അറിയില്ല. അവർക്ക് ഈ പള്ളിയുമായി യാതൊരു ബന്ധവുമില്ല. എൻ.ഐ.ടി.യിൽ വരുമ്പോൾ പ്രാർഥിക്കാൻ എത്താറുണ്ടാവാം. പകൽ പ്രാർഥിക്കാൻ വരുന്നവർക്കായി വാതിൽ തുറന്നിടാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എൻ.ഐ.ടി.യുടെ പിൻവശത്തെ റോഡിലൂടെവന്ന പോലീസ് സംഘം ബ്യൂട്ടിപാർലറിനുമുമ്പിലാണ് ആദ്യം നിർത്തിയത്. അവിടെ ജോളിയെ പുറത്തിറക്കാതെ വാഹനം മുന്നോട്ടുനീങ്ങി. പള്ളിയിൽനിന്ന് എൻ.ഐ.ടി.യുടെ മുൻവശത്തുകൂടി പോയ വാഹനവ്യൂഹം ജങ്ഷനിലെ ഒരു കടയ്ക്കുമുന്നിൽ അല്പനേരം നിർത്തി. അവിടെയും ആരെയും പുറത്തിറക്കിയില്ല. തുടർന്ന് കാന്റീനിലുള്ളിലേക്കു കടന്നു.

വാഹനം മാറിക്കയറി

തെളിവെടുപ്പിനുശേഷം തിരിച്ച് കയറ്റുമ്പോൾ വാഹനം മാറിപ്പോയത് അല്പസമയം ആശയക്കുഴപ്പമുണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിൽ തന്നെയായിരുന്നു ജോളിയെ കയറ്റേണ്ടിയിരുന്നത്. എന്നാൽ, ഇതുമാറി മറ്റൊരു പോലീസ് വാഹനത്തിൽ കയറിയതിനാൽ കുറച്ചുനേരം കൂവിവിളിക്കുന്ന ജനക്കൂട്ടത്തിനിടയിൽ പെട്ടുപോയി അവർ. ഉടൻതന്നെ അബദ്ധം മനസ്സിലാക്കി പ്രശ്നം പരിഹരിച്ചു.

Content Highlights: koodathai murder series;jolly taken to church in nit campus