തിരുവനന്തപുരം: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി. മേൽനോട്ടച്ചുമതല ഉത്തരമേഖലാ ഐ.ജി. അശോക് യാദവിനു നൽകി.

കണ്ണൂർ എ.എസ്.പി. ഡി. ശില്പ, നാദാപുരം എ.എസ്.പി. അങ്കിത് അശോകൻ, താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുൾ റസാക്ക്, തലശ്ശേരി ഡിവൈ.എസ്.പി. കെ.വി. വേണുഗോപാൽ, കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സി. ശിവപ്രസാദ്, പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ഇൻസ്‌പെക്ടർ സ്റ്റാർമോൻ ആർ. പിള്ള എന്നിവരെ പുതുതായി ഉൾപ്പെടുത്തി.

കേസന്വേഷണത്തിനു സാങ്കേതികസഹായം നൽകാൻ ഐ.സി.ടി. വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യാ വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘവുമുണ്ട്. കേസിന്റെ ആഴവും പ്രാധാന്യവും കണക്കിലെടുത്താണ് ഇത്തരമൊരു സംഘത്തിനു രൂപംനൽകിയത്.

ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർ പ്രിൻറ്് ബ്യൂറോ ഡയറക്ടർ, കണ്ണൂർ റീജണൽ ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, കണ്ണൂർ റീജണൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ സിറോളജി വിഭാഗം മേധാവി, തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലെ ഫൊറൻസിക് വിഭാഗം മേധാവിയും ജോയൻറ്് ഡയറക്ടറും ഉൾപ്പെടുന്ന സംഘത്തെയാണ് അന്വേഷണ സംഘത്തിന് സാങ്കേതികസഹായം നൽകാൻ നിയോഗിച്ചിരിക്കുന്നത്.

Content Highlights: koodathai murder; police expands investigation team