കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ആറുദിവസവും ജയിലിൽ ചെലവിട്ടത് ഒരേ വേഷത്തിൽ. വ്യാഴാഴ്ച രാവിലെ താമരശ്ശേരി കോടതിയിലേക്കു കൊണ്ടുപോയതും അതേ വേഷത്തിൽത്തന്നെ. മുഷിഞ്ഞ് ദുർഗന്ധംവമിച്ച വസ്ത്രംതന്നെ ധരിക്കാൻ ഇടയാക്കിയത് മാറിധരിക്കാനുള്ള വസ്ത്രം ലഭിക്കാത്തതുകൊണ്ടാണെന്ന്‌ ജയിൽ ജീവനക്കാർ പറഞ്ഞു.

ആകെ മാറ്റിയിടാൻ ലഭിച്ചത് സഹതടവുകാരി നൽകിയ നൈറ്റി മാത്രമാണ്. ജോളിയുടെ സെല്ലിൽ കൊലപാതകക്കേസിലെ ഒരു പ്രതിയുൾപ്പെടെ ആറുപേരാണുള്ളത്. കൊലപാതക പരമ്പരയ്ക്കുപിന്നിൽ ജോളിയാണെന്നറിഞ്ഞ ഞെട്ടലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും അകറ്റിയതെന്നാണ്‌ ജയിലധികൃതരുടെ വിലയിരുത്തൽ. സാധാരണ ജയിലിൽ കാണാനെത്തുന്നവർ നൽകുന്ന വസ്ത്രമാണ് തുടർന്നുള്ള ദിവസങ്ങളിൽ ഉപയോഗിക്കാറുള്ളത്.

ശനിയാഴ്ച രാത്രി റിമാൻഡിലായ ജോളി ഞായറാഴ്ചതന്നെ ജയിലിലെ ഫോൺ ഉപയോഗിച്ച് സഹോദരൻ നോബിയെ വിളിച്ചിരുന്നു. ആവശ്യമായ വസ്ത്രങ്ങൾ എത്തിച്ചുനൽകാൻ ഫോണിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ജയിലിൽനിന്നു കോടതിയിലേക്കു മാറ്റുന്നതുവരെ യാതൊരു സഹായവും അവർക്ക് ബന്ധുക്കളിൽനിന്നു ലഭിച്ചില്ല. അറസ്റ്റിലായശേഷം ജോളിയെ കാണാൻ ബന്ധുക്കളാരും എത്തിയിട്ടുമില്ല.

റിമാൻഡിൽ കഴിയുന്ന പ്രതികൾക്കും ശിക്ഷിക്കപ്പെട്ടു ജയിലിൽക്കഴിയുന്ന പ്രതികൾക്കും ബന്ധുക്കളാണ് വസ്ത്രം നൽകാറുള്ളതെന്ന് ജയിലധികൃതർ പറഞ്ഞു. അതില്ലാത്ത സാഹചര്യങ്ങളിൽ അറസ്റ്റുചെയ്യുന്ന സമയത്ത് ഇവരിൽ രേഖപ്പെടുത്തിയ പണം നൽകി സൂപ്രണ്ട് മുഖേന ആവശ്യപ്പെട്ടാൽ തങ്ങൾ വാങ്ങിനൽകാറാണു പതിവെന്നും ജയിലധികൃതർ പറയുന്നു. 

Content Highlights: koodathai murder; jolly's life in jail