വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ എൻ.ഐ.ടി. യാത്രയ്ക്കുപിന്നിലും ദുരൂഹത. എൻ.ഐ.ടി. അധ്യാപികയെന്നു പറഞ്ഞാണ് ജോളി ദിവസവും വീട്ടിൽനിന്ന് ഇറങ്ങിയിരുന്നത്.

ഉന്നതബന്ധങ്ങളിലേക്കുള്ള പാലമായിരുന്നു ഈ യാത്രയെന്നാണ് അന്വേഷണസംഘത്തിനു കിട്ടിയ വിവരം. വ്യാജ ഒസ്യത്തിൽ ഒപ്പിട്ടവർമുതൽ ഈ ഒസ്യത്തുപ്രകാരം സ്ഥലത്തിന്റെ രജിസ്‌ട്രേഷനാവശ്യമായ സഹായം നൽകിയവർവരെ ഈ യാത്രയിലെ പരിചയക്കാരാണ്.

റവന്യൂ ഉദ്യോഗസ്ഥർമുതൽ റിയൽ എസ്റ്റേറ്റ് സംഘംവരെ ഇതിൽപ്പെട്ടു. പൊന്നാമറ്റം കുടുംബത്തിലെ ആറുമരണങ്ങൾക്കുപിന്നിൽ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുണ്ടോയെന്നും സംശയമുണർന്നിട്ടുണ്ട്.

എൻ.ഐ.ടി.യിൽ ചിലരോട് പറഞ്ഞത് പുറത്തുള്ള ബ്യൂട്ടി പാർലറിൽ ജോലിചെയ്യുന്നുവെന്നാണ്. ബ്യൂട്ടി പാർലറിൽ പറഞ്ഞതാകട്ടെ എൻ.ഐ.ടി.യിൽ ലക്ചററാണെന്നും.

കൊലപാതക തിരക്കഥയ്ക്കുപിന്നിൽ ജോളി മാത്രമാണോയെന്ന കാര്യമാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ‘എൻ.ഐ.ടി. കള്ള’ത്തെ പോലീസ് ഗൗരവത്തോടെ കാണുന്നതും ഈ സാഹചര്യത്തിലാണ്. വെറുതെ ഒരു ഗമയ്ക്കുവേണ്ടിയാണ് ഈ കള്ളം പറഞ്ഞതെന്നാണ് ജോളിയുടെ മൊഴി. വെറുമൊരു കള്ളത്തിനുമപ്പുറം മറ്റെന്തോ മറയ്ക്കാനുള്ള അടവായിരുന്നു ഈ കള്ളമെന്നാണ് പോലീസിന് ലഭിച്ച വിവരം.

ജോളി അറസ്റ്റിലായശേഷം കിട്ടിയ വിവരങ്ങളും കഴിഞ്ഞദിവസം ഷാജു നൽകിയ മൊഴിയുമെല്ലാം സമഗ്രമായി വിലയിരുത്തണമെങ്കിൽ ജോളിയെ കസ്റ്റഡിയിൽ കിട്ടണം. ജോളിയിൽനിന്ന് ഇനി അറിയേണ്ട കാര്യങ്ങൾ സംബന്ധിച്ച ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്.

പണമിടപാടുകളും നിരീക്ഷണത്തിൽ

ജോളിയുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. വസ്തുവിറ്റവകയിൽ വലിയൊരു തുക റോയിയുടെ പിതാവ് ടോം തോമസ് നൽകിയിരുന്നു. ഈ തുക കൈകാര്യം ചെയ്തത് ജോളിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമുതലുള്ള ബാങ്കിടപാടുകളാണ് ശേഖരിക്കുന്നത്. ജോലിയോ വരുമാനമോ ഇല്ലാത്ത ജോളിയുടെ അക്കൗണ്ടിലേക്ക് എത്ര പണം വന്നു, ഇതിന്റെ സ്രോതസ്സ് എന്തെല്ലാം എന്നതുസംബന്ധിച്ചാണ് അന്വേഷണം.

എല്ലാം അറിയാം -റൂറൽ എസ്.പി.

എൻ.ഐ.ടി.യിലേക്കെന്നും പറഞ്ഞ് ജോളി എവിടെപ്പോയി എന്നതിനെക്കുറിച്ച് അന്വേഷണസംഘത്തിന് കൃത്യമായ ബോധ്യമുണ്ടെന്ന് കോഴിക്കോട് റൂറൽ എസ്.പി. കെ.ജി. സൈമൺ. എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. കൃത്യമായ വഴിയിൽതന്നെയാണ് അന്വേഷണം. വ്യക്തവും ശക്തവുമായ തെളിവുകളുടെ അടിസ്ഥാനത്തിലേ നടപടി സ്വീകരിക്കൂ. ആരെങ്കിലും പറയുന്നതുകേട്ട് ആരേയും അറസ്റ്റുചെയ്യില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: koodathai murder investigation about jolly's journeys to nit calicut