കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിൽ അന്നമ്മയുൾപ്പെടെ അഞ്ചുപേരുടെ ശരീരാരവശിഷ്ടങ്ങളിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തുന്നത്‌ വലിയ വെല്ലുവിളിയാവുമെന്ന്‌ ഫൊറൻസിക് വിദഗ്ധർ. വിദേശത്തെ ലാബുകളിൽ പരിശോധന നടത്തിയാലും എല്ലാ ടെസ്റ്റുകളും ഇവിടത്തെ കോടതികൾക്ക്‌ സ്വീകാര്യമാകണമെന്നില്ലെന്ന്‌ ഫൊറൻസിക് വിദഗ്‌ധ ഷെർലി വാസു പറഞ്ഞു.

ഏതൊക്കെ ടെസ്റ്റുകൾ കോടതിയിൽ തെളിവായി എടുക്കാമെന്ന്‌ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുപുറത്തുവരുന്ന പരിശോധനാഫലങ്ങൾ കോടതി സ്വീകരിക്കണമെന്നില്ല. മജിസ്‌ട്രേറ്റ് കോടതിയിൽനിന്നാണ് വിദേശപരിശോധനയ്ക്ക് അനുമതിതേടുന്നത്. പക്ഷേ, വിചാരണഘട്ടത്തിൽ സെഷൻസ് കോടതിയിലെത്തുമ്പോൾ അത് അംഗീകരിക്കപ്പെടണമെന്നില്ല. ഇവിടത്തെ ലാബുകളുടെ പ്രോട്ടോക്കോളും വിദേശത്തെ ലാബുകളുടെ പ്രോട്ടോക്കോളും വ്യത്യസ്തമാണ്. അതൊക്കെ പ്രതിസന്ധിയുണ്ടാക്കും.

സയനൈഡ് രൂപാന്തരപ്പെട്ടുണ്ടാവുന്ന ഹൈഡ്രോ സൈനിക് ആസിഡും ശരീരാവശിഷ്ടങ്ങളിൽ അധികദിവസം നിലനിൽക്കില്ല. ഇത്രയും വർഷങ്ങൾ കഴിഞ്ഞ് മരിച്ചവരുടെയൊക്കെ ശരീരാവശിഷ്ടങ്ങളിൽ സയനൈഡിന്റെ സാന്നിധ്യം ഒരിക്കലും കണ്ടെത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു.

പോസ്റ്റുമോർട്ടം നടത്തുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നത് ജോളിയുടെ ഈ കേസിലെ ഇടപെടലിനു തെളിവാണെന്നും ഷെർലി വാസു പറഞ്ഞു. അഞ്ചുപേരുടെ ശരീരാവശിഷ്ടങ്ങളിൽ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവർ കൊല്ലപ്പെട്ടതാണെന്ന്‌ തെളിയിക്കാൻ കഴിയുമോയെന്നാണ്‌ പോലീസിനുമുന്നിലുള്ള ചോദ്യം. ഫൊറൻസിക് പരിശോധന അനുകൂലമല്ലെങ്കിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽമാത്രം മുന്നോട്ടുപോേകണ്ടിവരും.

ഇത്തരമൊരു ഘട്ടത്തിലാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫൊറൻസിക് വിഭാഗം മേധാവി ടി.ഡി. ദോഗ്രയുൾപ്പെടെയുള്ളവരുടെ സഹായം തേടുന്നത്.

Content Highlights: koodathai murder case; to find cyanide presence is very difficult