കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട ജോളിക്ക്‌ ജയിലിൽ പ്രത്യേക കൗൺസലിങ്ങും സുരക്ഷാ ഉദ്യോഗസ്ഥരും.

ജോളിയെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും മാത്രമായി ഒരു വാർഡനെ ചുമതലപ്പെടുത്തി. ജോളി മുമ്പ് ആത്മഹത്യചെയ്യാൻ ശ്രമിച്ചിരുന്നതിനാൽ ഇനിയും അതിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയും കൗൺസലിങ്ങും.

പിണറായിയിൽ മാതാപിതാക്കളെയും മകളെയും വിഷംകൊടുത്തുകൊന്ന കേസിലെ പ്രതി വണ്ണത്താംകണ്ടി സൗമ്യ ജയിലിൽ തൂങ്ങിമരിക്കുകയായിരുന്നു. താൻ ആത്മഹത്യചെയ്യുമെന്ന് ജോളി സഹതടവുകാരോട് പറഞ്ഞിരുന്നു. ഇതൊക്കെ മുന്നിൽക്കണ്ടാണ് ജോളിക്കു പ്രത്യേകസുരക്ഷ ഏർപ്പെടുത്തിയതെന്ന് ജയിലധികൃതർ പറഞ്ഞു.

അറസ്റ്റുചെയ്ത് ജില്ലാജയിലിലെത്തിച്ചശേഷം പ്രത്യേക പെരുമാറ്റരീതിയാണ് ജോളിയുടേത്. പലപ്പോഴും വളരെ സങ്കടപ്പെട്ടാണ് ഇരിക്കുന്നത്. ഇനിയൊരു ജീവിതമില്ല എന്ന തരത്തിലാണ്‌ പെരുമാറ്റം. ആദ്യമൊക്കെ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നെങ്കിലും ഇപ്പോൾ കഴിക്കുന്നുണ്ട്.

കൊണ്ടുവന്ന അന്നുതന്നെ ജോളി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം തലകറക്കം കാരണം ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായി അസുഖങ്ങളില്ലാത്തതിനാൽ ജയിലിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. നിലവിൽ ജോളിക്ക് രക്തസമ്മർദം നേരിയ കുറവുണ്ട്. ഇതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്.

ജയിലിൽ നാലുദിവസം പിന്നിട്ടിട്ടും ജോളിയെ കാണാൻ ബന്ധുക്കളാരും എത്തിയില്ല. ആദ്യദിവസം സഹോദരൻ നോബിയെ ഫോൺചെയ്ത് ജോളിക്കാവശ്യമായ വസ്ത്രങ്ങളും മറ്റും കൊണ്ടുവരാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.

കാഴ്ചക്കാരുടെ തിരക്ക്

ജോളിയെ ജില്ലാ ജയിലിൽനിന്ന്‌ താമരശ്ശേരി കോടതിയിലേക്ക്‌ ബുധനാഴ്ച കൊണ്ടുപോകുമെന്നുകരുതി ജയിൽപരിസരത്തെത്തിയത് ഒട്ടേറെപ്പേർ. നാട്ടുകാരും മാധ്യമപ്രവർത്തകരും രാവിലെ ഒമ്പതോടെ ജയിലിലെത്തി.

ജയിൽവളപ്പിലേക്ക്‌ കയറാൻ പേടിച്ച് പലരും വാഹനങ്ങളുമായി റോഡിൽത്തന്നെ നിന്നു. ‘‘ജോളിയെ കൊണ്ടുപോകുകയാണല്ലോ... അവരെ ഒന്ന്‌ കാണണമെന്നുതോന്നി, അതാണ് വന്നത്’’ -കാഴ്ചക്കാരനായി എത്തിയ കോഴിക്കോട് സ്വദേശി ഓട്ടോഡ്രൈവർ പറഞ്ഞു. ജോളിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ പോലീസ് അധികൃതരും നടത്തിയിരുന്നു.

ജോളിയെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ ബുധനാഴ്ച ക്രൈംബ്രാഞ്ച് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് മുമ്പാകെ നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് എല്ലാവരും എത്തിയത്. എന്നാൽ, പതിനൊന്നുമണിയോടെ കോടതിനടപടികൾ ആരംഭിക്കുകയും കേസ് വ്യാഴാഴ്ചയ്ക്ക്‌ മാറ്റുകയുംചെയ്തു. വന്നവർ ഇതറിഞ്ഞ് 12 മണിയോടെ മടങ്ങി.

Content Highlights: koodathai murder case; special protection and counselling for jolly