താമരശ്ശേരി: ജോളി പറയുന്നതിൽ പലതും കള്ളമാണെന്ന് എട്ടുമാസം മുമ്പ് ബോധ്യപ്പെട്ടിരുന്നെന്ന് രണ്ടാംഭർത്താവ് ഷാജു. അതിനുശേഷം അവരോടൊത്തുള്ള ജീവിതം അഭിനയശൈലിയിലായിരുന്നു.

‘‘ഞങ്ങളുെട വിവാഹശേഷം ജോളി സ്വന്തമെന്ന നിലയ്ക്ക് ഉപയോഗിച്ചുവന്ന മൊബൈൽ ഫോൺ അവരുമായി ബന്ധം പുലർത്തിയിരുന്ന മറ്റൊരാളുടേതാണെന്നെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ജോളിയുമായി പ്രശ്‌നങ്ങളുണ്ടായി. രണ്ടുകുടുംബങ്ങൾ തമ്മിലുള്ള പ്രശ്‌നമായും ഇതുമാറി. പ്രശ്‌നംതീർക്കാൻ പള്ളിക്കമ്മിറ്റിയടക്കം ഇടപെട്ടിരുന്നു. ജോളിയുടെ ജീവിതവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളെപ്പറ്റിയൊന്നും ഞാൻ അന്വേഷിക്കാൻ പോയിട്ടില്ല’’-ഷാജു പറഞ്ഞു.

എൻ.ഐ.ടി.യിൽ ലക്ചററാണെന്ന് ജോളി പറഞ്ഞത് നുണയായിരുന്നെന്ന് രണ്ടുമാസംമുമ്പ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച സമയത്താണ് അറിയുന്നത്. അന്ന് ഇതെപ്പറ്റി ചോദിച്ചപ്പോൾ എൻ.ഐ.ടി.യിലേക്കാണെന്ന് പറഞ്ഞുപോയത് ബ്യൂട്ടി പാർലറിലേക്കായിരുന്നെന്ന് ജോളി പറഞ്ഞു. ഇതും നുണയായിരുന്നെന്ന് ഇപ്പോൾ മനസ്സിലാകുന്നു.

ജോളി തന്നെ കുടുക്കുകയായിരുന്നെന്ന് കരുതുന്നു. അവർക്കൊപ്പം വേറെയാരെങ്കിലും ഉണ്ടോയെന്ന് അറിയില്ല. ഇപ്പോൾ ജോളിയുടെ മകൻ റോമോയും എനിക്കെതിരേ മൊഴിനൽകി കുടുക്കാൻ ശ്രമിക്കുകയാണ്.

ജോളിക്ക് മറ്റാരെങ്കിലുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നോയെന്ന് തനിക്കറിയില്ല. സാമ്പത്തിക ഉറവിടത്തെപ്പറ്റിയും അറിയില്ല. ചെറിയ അസുഖംവന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ താനായിരുന്നു പണം ചെലവഴിച്ചത്. ബന്ധുക്കൾ പണം നൽകി ജോളിയെ സഹായിച്ചിരുന്നതായി അറിയാമെന്നും ഷാജു പറഞ്ഞു.

തിങ്കളാഴ്ച ഷാജുവിനെ ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് പോലീസ് വടകര റൂറൽ എസ്.പി.ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു.

കൊലപാകതപരമ്പരയിൽ ഇയാൾക്ക് പങ്കുണ്ടോയെന്നകാര്യം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിശദമായി ചോദ്യംചെയ്തശേഷം ഇനി നിങ്ങൾക്ക് സുഖമായി ഉറങ്ങാമല്ലോയെന്നുപറഞ്ഞാണ് പോലീസ് മടക്കിയയച്ചതെന്ന് ഷാജു പറഞ്ഞു.

Content Highlights: koodathai murder case; shaju says about his life with jolly