വടകര: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ പോലീസ് കസ്റ്റഡിയിൽ കിട്ടിയ ശേഷമുള്ള ചോദ്യംചെയ്യലിൽ അധികം പ്രതികരിക്കാതെ പ്രതി ജോളി. അറസ്റ്റിലായ സമയത്തുള്ള ചോദ്യംചെയ്യലിൽനിന്ന്‌ വ്യത്യസ്തമായി നിസ്സംഗസമീപനമാണ്‌ ജോളി വ്യാഴാഴ്ച തുടക്കത്തിൽ സ്വീകരിച്ചത്. എന്നാൽ, പിന്നീട് അന്വേഷണോദ്യോഗസ്ഥരുമായി സഹകരിച്ചു.

ഇടയ്ക്കിടെ വിഭ്രാന്തിയുടെ ലക്ഷണങ്ങളും കാണിച്ചു. ഒന്നുംപറയാതെ മിനിറ്റുകളോളം ഇരുന്നു. എസ്.പി. കെ.ജി. സൈമൺതന്നെയാണ്‌ ജോളിയെ വ്യാഴാഴ്ച മൂന്നുമണിമുതൽ രാത്രി 10 മണിവരെ ചോദ്യംചെയ്തത്. ജോളി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് എസ്.പി. പറഞ്ഞു. മറ്റുപ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെയും വെവ്വേറെ ചോദ്യംചെയ്തു.

ജോളിയിൽനിന്നുകിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചതന്നെ തെളിവെടുപ്പ് തുടങ്ങും. ഇതിനായി രാവിലെ എട്ടരയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലേക്ക്‌ കൊണ്ടുപോകും. എന്നാൽ, ജോളിയെ കൊണ്ടുപോകുന്നിടത്തെല്ലാം വൻ ജനക്കൂട്ടം കാത്തുനിൽക്കുന്നതിനാൽ തെളിവെടുപ്പുസമയം മാറാനും സാധ്യതയുണ്ട്.

സയനൈഡിന്റെ ബാക്കി അംശം, അല്ലെങ്കിൽ അത്‌ കൊണ്ടുവന്ന കുപ്പി, ജോളിയുടെ ഒരു ഫോൺ എന്നിവ കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഇതേക്കുറിച്ച്‌ നിർണായകവെളിപ്പെടുത്തൽ ജോളി അന്വേഷണസംഘത്തിനുമുമ്പാകെ നടത്തിയതായാണ്‌ വിവരം. റോയിക്ക് എവിടെവെച്ച് സയനൈഡ് കൊടുത്തു എന്നതുൾപ്പെടെയുള്ള കാര്യങ്ങളും പുനഃസൃഷ്ടിക്കും.

Content Highlights: koodathai murder case; police interrogated jolly and evidence taking procedure starts today