മുക്കം (കോഴിക്കോട്): പൊന്നാമറ്റം കുടുംബത്തിലെ രണ്ടു മരണങ്ങളിൽക്കൂടി ദുരൂഹത പ്രകടിപ്പിച്ച് മരിച്ച യുവാക്കളിലൊരാളുടെ അമ്മ രംഗത്ത്. കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരൻ അഗസ്റ്റിന്റെ മകൻ വിൻസെന്റ്, മറ്റൊരു സഹോദരൻ ഡൊമനിക്കിന്റെ മകൻ സുനീഷ് ഡൊമനിക് എന്നിവരുടെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് സുനീഷിന്റെ അമ്മ എൽസമ്മ പറയുന്നു.

ഇരുവരും ജോളിയുമായി നല്ല സൗഹൃദം പുലർത്തിയിരുന്നവരാണെന്ന് എൽസമ്മ പറയുന്നു. ഇരുവരുടെയും സ്വഭാവത്തിൽ മരിക്കുന്നതിനു ദിവസങ്ങൾക്കുമുൻപ് വലിയ മാറ്റമുണ്ടായതായി നാട്ടുകാരും പറയുന്നു.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ ഇരയായ അന്നമ്മയുടെ ശവസംസ്കാരച്ചടങ്ങ് നടന്ന 2002 ഓഗസ്റ്റ് 24-നാണ് പുലിക്കയത്തെ വീടിന്റെ കിടപ്പുമുറിയിൽ വിൻസെന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അന്നമ്മയുടെ ശവസംസ്കാരച്ചടങ്ങിൽ വിൻസെന്റിനെ കാണാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

ഉയരംകുറഞ്ഞ കിടപ്പുമുറിക്കകത്തു തൂങ്ങിയ വിൻസെന്റിന്റെ മുട്ടുകാലുകൾ കിടക്കയിൽ തട്ടിയ നിലയിലായിരുന്നെന്ന് എൽസമ്മ പറയുന്നു. 24-നു രാവിലെ ഏഴരയ്ക്കും വൈകീട്ട് നാലേമുക്കാലിനുമിടയിൽ മരിച്ചെന്നാണ് എഫ്.ഐ.ആർ. ഇൻഡക്സിൽ പറയുന്നത്. പിറ്റേന്നു രാവിലെ ഏഴുമണിക്കാണ് മരണവിവരം കുടുംബം പോലീസിനെ അറിയിച്ചത്. അതേസമയം, വിൻസെന്റിന്റെ മരണത്തിൽ ദുരൂഹത തോന്നിയിട്ടില്ലെന്നു സഹോദരൻ ജിമ്മി ‘മാതൃഭൂമി’യോടു പറഞ്ഞു.

എൽസമ്മയുടെ മൂന്നു മക്കളിൽ ഏകമകനായ സുനീഷ് ഡൊമനിക് 2008 ജനുവരി 15-നു രാത്രി പുലിക്കയത്തിനടുത്ത് കുരങ്ങൻപാറയിൽ ബൈക്കപകടത്തിലാണു മരിച്ചത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 17-നാണു മരിച്ചത്.

എൽസമ്മ പറയുന്നു:

കോഴിക്കോട് രാമനാട്ടുകരയിൽവെച്ച് അപകടമുണ്ടായെന്നാണ് ആദ്യം ചിലർ ഫോണിൽവിളിച്ചു പറഞ്ഞത്. സുനീഷ് മരിക്കുന്നതിനു മണിക്കൂറുകൾക്കുമുൻപ് ജോളി എന്റെ വീടിനുസമീപത്തുള്ള ബന്ധുവീട്ടിൽ വന്നിരുന്നു. ജോളിയും സുനീഷും തമ്മിൽ സംസാരിച്ചു.

സുനീഷിന് പത്തുലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. 19 സെന്റ് ഭൂമി വിറ്റാണ് മരണശേഷം ഈ കടം വീട്ടിയത്. എന്റെ പേരിലുള്ള ബ്ലാങ്ക് ചെക്ക് നൽകിയാണ് സുനീഷ് പലരിൽനിന്നും കടം വാങ്ങിയത്. സുഹൃത്തുക്കൾക്കായാണു പണം വാങ്ങുന്നതെന്നു സുനീഷ് പറഞ്ഞിരുന്നു. മരിക്കുന്നതിനു മൂന്നുദിവസംമുൻപ് പണം തിരിച്ചു ചോദിച്ചിരുന്നു.

koodathai murder case suneesh death
വാഹനാപകടത്തില്‍ മരിച്ച സുനീഷിന്റെ ഡയറിക്കുറിപ്പ് അമ്മ എല്‍സമ്മ കാണിക്കുന്നു

ഡയറിക്കുറിപ്പുകൾ സംശയാസ്പദം

സുനീഷ് തന്റെ ഡയറിയിൽ കുറിച്ച വാക്കുകളും സംശയം കൂട്ടുന്നതായി എൽസമ്മ പറയുന്നു. തന്റെ ജീവിതം വളരെ കഷ്ടതയിലായെന്നും കെണിയിൽ കുടുങ്ങിയെന്നും ആരും ഇങ്ങനെ ജീവിക്കരുതെന്നുമാണു സുനീഷ് കുറിച്ചത്. സുനീഷ് മരിച്ച് ദിവസങ്ങൾക്കുശേഷമാണ് ഡയറിയിലെ വരികൾ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

പോലീസ് അറസ്റ്റുചെയ്യുന്നതിനു രണ്ടാഴ്ചമുൻപ് ജോളി തന്റെ വീട്ടിൽ വന്നിരുന്നു. വളരെ പേടിയോടെയാണു സംസാരിച്ചത്. കൊലപാതകത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും തന്നെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെന്നും ജോളി പറഞ്ഞു.

മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് സുനീഷിന്റെ കുടുംബം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. നിലവിലെ പശ്ചാത്തലത്തിൽ രണ്ടു യുവാക്കളുടെയും മരണത്തിൽ ജോളിക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി ജോളിയുടെ ഭർത്താവ് ഷാജു പറഞ്ഞു. ഇവരുമായി ജോളിക്കു സാമ്പത്തിക ബന്ധമുണ്ടായിരുന്നതായി അറിയില്ല. സിജോയുടെ പൂർണ പിന്തുണയോടെയാണു ജോളിയെ വിവാഹം കഴിച്ചതെന്നു ഷാജു കൂട്ടിച്ചേർത്തു.

Content Highlights: koodathai murder case; mystery continues on two more deaths in ponnamattom family