വടകര: ആദ്യഭർത്താവ് റോയി തോമസ് മരിച്ച് രണ്ടാംദിവസം ജോളി ഒരു പുരുഷസുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തി.

ഐ.ഐ.എമ്മിൽ എന്തോ ക്ലാസുണ്ടെന്ന്‌ വീട്ടിൽ പറഞ്ഞാണ് കോയമ്പത്തൂരിലേക്കുപോയത്. രണ്ടുദിവസം ഇവിടെ ചെലവിട്ടശേഷമാണ്‌ തിരിച്ചെത്തിയത്. ജോളിയുടെ ഒരു ഉദ്യോഗസ്ഥസുഹൃത്താണ് ഒപ്പമുണ്ടായിരുന്നതെന്ന്‌ പോലീസ് പറഞ്ഞു.

ഇയാളോടൊപ്പം പലതവണ കോയമ്പത്തൂരിലും മറ്റും പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും രണ്ടുദിവസം കോയമ്പത്തൂരിൽ പോയിരുന്നു. കട്ടപ്പനയ്ക്കെന്നു പറഞ്ഞാണ്‌ പോയത്. ഈ യാത്രകൾക്കും കൊലപാതകത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സുഹൃത്തിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസ് കരുതുന്നത്. എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹവുമായി ജോളി അടുത്തബന്ധം പുലർത്തിയതിനു തെളിവായി ഫോൺരേഖകൾ പോലീസിന്റെ പക്കലുണ്ട്. ജോളി കോയമ്പത്തൂരിൽപ്പോയ സമയത്തെല്ലാം ഇദ്ദേഹത്തിന്റെയും ജോളിയുടെയും ടവർ ലൊക്കേഷനുകൾ ഒരേസ്ഥലത്താണ്.

ജോളിയുടെ ഒരു ഫോൺ അന്വേഷണസംഘത്തിനു ലഭിച്ചു. ജോളിയുടെ മകനാണ് ഈ ഫോൺ പോലീസിനു നൽകിയത്. ഇതിനായി പോലീസ് കഴിഞ്ഞദിവസം വൈക്കത്തുപോയിരുന്നു.

Content Highlights: koodathai murder case;jolly went to coimbatore with a friend after two days of first husband's death