വടകര: കൂടത്തായി കേസിൽ പ്രതി ജോളിയുടെ നിലവിലെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യയിലെ മകൾ അൽഫൈന്റെ മരണവുമായി ബന്ധപ്പെട്ടു നിലനിന്ന അവ്യക്തത നീങ്ങി. അൽഫൈനെ ബ്രെഡിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയതാണെന്നു ജോളി അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ വെളിപ്പെടുത്തി. ബ്രെഡ് നൽകിയത് ഷാജുവിന്റെ സഹോദരിയായിരുന്നു.

അൽഫൈനു കഴിക്കാൻ എടുത്തുവെച്ച ബ്രെഡിൽ വളരെ തന്ത്രപരമായാണു ജോളി സയനൈഡ് പുരട്ടിയത്. ഈ സമയം ഷാജുവിന്റെ സഹോദരിയെ ഇവിടെനിന്നു മാറ്റുകയും ചെയ്തു. ഇതൊന്നുമറിയാതെ സഹോദരി ബ്രെഡ് അൽഫൈനു നൽകി.

ചോദ്യംചെയ്യൽ വേളയിൽ അൽഫൈനു താൻ സയനൈഡ് പുരട്ടിയ ഭക്ഷണം നൽകിയില്ലെന്നാണ് ജോളി ആദ്യം പറഞ്ഞത്. തെളിവെടുപ്പ് വേളയിലും ഇക്കാര്യം ആവർത്തിച്ചു. ഷാജുവിന്റെ സഹോദരിയാണ് അന്നു ഭക്ഷണം നൽകിയതെന്നും പറഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും സംശയമുന സഹോദരിയിലേക്കു തിരിക്കാനുമാണെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ശനിയാഴ്ച പകൽ നടന്ന ചോദ്യംചെയ്യലിൽ അൽഫൈന്റെ ഭക്ഷണത്തിൽ സയനൈഡ് പുരട്ടിയത് താൻ തന്നെയാണെന്നു ജോളി സമ്മതിച്ചു. ഈ വീട്ടിലേക്കു വരുമ്പോൾ സയനൈഡിന്റെ കുപ്പി ബാഗിൽ കരുതിയിരുന്നു. ഇങ്ങനെ പല സ്ഥലങ്ങളിൽ പോകുമ്പോഴും സയനൈഡ് ഒപ്പം കരുതി. ചില വധശ്രമങ്ങൾ നടത്തിയത് ഇങ്ങനെയാണെന്നും പോലീസിനു വിവരം ലഭിച്ചു.

ഷാജുവുമൊത്തുള്ള ജീവിതത്തിന് അൽഫൈൻ തടസ്സമാകുമെന്നതിനാലാണ് ഈ കൃത്യം ചെയ്തതെന്നാണു മൊഴി. മറ്റുള്ള കൊലപാതകങ്ങളും അതിന്റെ രീതിയും എളുപ്പത്തിൽ സമ്മതിച്ച ജോളി അൽഫൈന്റെ മരണത്തിൽമാത്രം പരസ്പരവിരുദ്ധമായ മൊഴികളാണു നൽകിയത്. ചെറിയ കുട്ടിയെ കൊലപ്പെടുത്തിയത് സമ്മതിക്കാനുള്ള വിമുഖതയാണ് ഇതിനുപിന്നിലെന്നു പോലീസ് സംശയിക്കുന്നു.

Content Highlights: koodathai murder case; jolly says she killed alphine with cyanide