വടകര: ‘‘എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സർ... അങ്ങനെയെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...’’

റൂറൽ എസ്.പി. കെ.ജി. സൈമണിന്റെ ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തേ അറസ്റ്റുചെയ്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ജോളി.

തുടക്കത്തിൽ തീർത്തും നിസ്സംഗമായിട്ടാണ് അവർ ചോദ്യംചെയ്യലിനോട് പ്രതികരിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടർന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാൽ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന്‌ അത് സാധിക്കുകയും ചെയ്യും -ജോളി വെളിപ്പെടുത്തി.

മാത്യുവിന് എല്ലാം അറിയാം

സയനൈഡ് എത്തിച്ചുനൽകിയ മാത്യുവിന് ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി ജോളി മൊഴിനൽകി. രണ്ടുതവണയാണ് ജോളിക്ക് സയനൈഡ് നൽകിയത്. ഒരു ടിന്നിൽ സൂക്ഷിച്ചുവെച്ച് വേണ്ടസമയത്ത് ഉപയോഗിക്കും. ‘നീ എന്താണ് ഇതുകൊണ്ട് ചെയ്യുന്നതെന്ന്’ ഒരിക്കൽ മാത്യു ചോദിച്ചു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തിൽ ഇതെല്ലാം ജോളിയുടെ പണിയാണെന്ന് മാത്യുവിന് അറിയാമായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി.

അന്നമ്മയുടെ ഭക്ഷണത്തിൽ കലർത്തിയത് കീടനാശിനി

ആറുകൊലപാതകങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് സയനൈഡ് ഉപയോഗിച്ചത്. ആദ്യം കൊല്ലപ്പെട്ട അന്നമ്മയ്ക്ക് ഭക്ഷണത്തിൽ കലർത്തിയത് കീടനാശിനിയാണ്. പുറത്തുപോയിവന്ന അന്നമ്മയ്ക്ക് ആട്ടിൻസൂപ്പ് തയ്യാറാക്കി കീടനാശിനി കലർത്തുകയായിരുന്നുവെന്നാണ് ജോളിയുടെ മൊഴി. കീടനാശിനിയായതുകൊണ്ടാണ് പെട്ടെന്ന് മരിക്കാതിരുന്നത്. ഷാജുവിന്റെ മകൾ അൽഫൈനെ കൊന്നതുതന്നെയാണെന്ന് ജോളി സമ്മതിച്ചെങ്കിലും എങ്ങനെയെന്ന് വ്യക്തതയില്ല.

Content Highlights: koodathai murder case; jolly's interrogation details