താമരശ്ശേരി: കുറ്റബോധമില്ലാതെ, നിർവികാരമായ മുഖഭാവത്തോടെ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളോടെയായിരുന്നു കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി കോടതിമുറിയിലെ പ്രതിക്കൂട്ടിൽ നിന്നത്. എന്താണു പറയാനുള്ളതെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ജോളി ഒന്നും മിണ്ടാതെനിന്നു.

താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച പ്രതികളെ ഹാജരാക്കിയപ്പോഴായിരുന്നു ഇത്. ജോളിക്കൊപ്പം പ്രതിക്കൂട്ടിൽനിന്ന കൂട്ടുപ്രതികളായ പ്രജികുമാറിനും മാത്യുവിനും വിഷമഭാവമായിരുന്നു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു. ജോളിയുടെ മുഖത്തുമാത്രമാണ് സങ്കടം നിഴലിക്കാതിരുന്നത്.

കഴിഞ്ഞ ശനിയാഴ്ച ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയപ്പോൾ ധരിച്ചിരുന്ന കറുത്ത ചുരിദാറും റോസ് നിറത്തിലുള്ള ഷാളുമായിരുന്നു വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമ്പോഴും ജോളിയുടെ വേഷം. ഷാൾ തലയിലൂടെയിട്ടാണ് പോലീസ് വലയത്തിൽ കോടതിയിലേക്കു കയറ്റിയത്.

പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് കോടതിക്കുമുന്നിൽ നിലയുറപ്പിച്ച ആൾക്കൂട്ടത്തിന്റെയും മാധ്യമപ്രവർത്തകരുടെയും ഇടയിലൂടെ രാവിലെ 11 മണിയോടെയാണ് ജോളിയെ പോലീസ് എത്തിച്ചത്. ജനങ്ങൾ കൂക്കിവിളിച്ചാണ് എതിരേറ്റത്. വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘം സുരക്ഷയൊരുക്കി.

കോടതിസമുച്ചയത്തിന്റെ രണ്ടാംനിലയിലെ രണ്ടാം കോടതിയുടെ അകത്തേക്ക് കനത്ത സുരക്ഷാവലയം തീർത്താണ് ജോളിയെ എത്തിച്ചത്. കോടതിമുറിയിൽ അരികിലിട്ടിരുന്ന ബെഞ്ചിൽ ഇവരെ ഇരുത്തി. ഇരുവശത്തും വനിതാപോലീസ് സുരക്ഷ ഉറപ്പാക്കി.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പോലീസിന്റെ അപേക്ഷ കോടതി തുടക്കത്തിൽത്തന്നെ പരിഗണിച്ചു. എന്നാൽ, രണ്ടാം പ്രതി എം.എസ്. മാത്യുവിനെ എത്തിക്കാൻ വൈകിയതിനാൽ ഇതു നീട്ടിവെച്ചു. പതിനൊന്നരയോടെ മാത്യുവിനെ കോടതിയിലെത്തിച്ചു. പോലീസ് കസ്റ്റഡി ആവശ്യപ്പെടുന്നുണ്ടെന്നും ഇതിൽ എന്താണു പറയാനുള്ളതെന്നും മജിസ്‌ട്രേറ്റ് എം. അബ്ദുൾ റഹീം ചോദിച്ചു. മൂന്നുപേരും മിണ്ടാതെനിന്നു. തുടർന്ന്, പ്രതികളെ 16 വരെ പോലീസ് കസ്റ്റഡിയിൽവിടാൻ ഉത്തരവിട്ടു.

വക്കാലത്ത് ഒപ്പിട്ടുനൽകി

അഡ്വ. ബി.എ. ആളൂരിന്റെ രണ്ട് ജൂനിയർ അഭിഭാഷകർ ജോളിക്കുവേണ്ടിയുള്ള വക്കാലത്ത് തയ്യാറാക്കി രാവിലെത്തന്നെ കോടതിയിലെത്തിയിരുന്നു. ജോളിയെ പോലീസ് കോടതിമുറിയിലെത്തിച്ചപ്പോൾ അഭിഭാഷകർ അവരെ സമീപിച്ചു. ജോളിക്കുവേണ്ടി ഹാജരാകുമെന്ന് അറിയിച്ചു. വക്കാലത്തിൽ ഒപ്പിടുവിക്കുകയും ചെയ്തു.

അഭിഭാഷകരായ ടി. ഹിജാസ്, ഷെഫിൻ എന്നിവരാണ്‌ ആളൂരിനെ പ്രതിനിധാനംചെയ്ത് കോടതിയിലെത്തിയത്. കേസ് പരിഗണിക്കുമ്പോൾ ആളൂർ ഹാജരാകുമെന്ന് ഇവർ പറഞ്ഞു. രണ്ടാംപ്രതി മാത്യുവിനുവേണ്ടി സി.പി. അബ്ദുൾ റഫീഖും മൂന്നാം പ്രതി പ്രജികുമാറിനുവേണ്ടി എം. രാജേഷ് കുമാറും ഹാജരാകും.

Content Highlights: koodathai murder case; jolly,prajikumar and mathew's reactions in court