വടകര: കൂടത്തായി കൊലക്കേസുകളിൽ ജോളി സയനൈഡ് ശേഖരിച്ചത് പലവഴികളിലൂടെ. താമരശ്ശേരിയിൽനിന്ന് അറസ്റ്റിലായ സ്വർണപ്പണിക്കാരൻ പ്രജികുമാർ താൻ ഒരുതവണ മാത്രമാണു മാത്യുവിനു സയനൈഡ് നൽകിയതെന്നു മൊഴി നൽകിയിട്ടുണ്ട്. മാത്യുവും സമാന മൊഴിയാണ് നൽകിയത്. എന്നാൽ, ഇതു പോലീസ് വിശ്വസിച്ചിട്ടില്ല.

മാത്യുവിൽനിന്നു സയനൈഡ് വാങ്ങുമ്പോൾ ജോളി പറഞ്ഞത്, ഇതു തന്റെ സുഹൃത്തായ ഉദ്യോഗസ്ഥയ്ക്കു നായയെ കൊല്ലാൻ വേണ്ടിയാണെന്നാണ്. റോയിയെ കൊലപ്പെടുത്തിയത് ഇതുപയോഗിച്ചാണെന്നാണു പോലീസിന്റെ കണ്ടെത്തൽ.

അന്നമ്മ, ടോം തോമസ്, മാത്യു, അൽഫൈൻ, സിലി എന്നിവരെ കൊലപ്പെടുത്തിയതും സയനൈഡ് കൊടുത്താണെന്നു മൊഴിയുണ്ട്. ഇതിനുള്ള സയനൈഡ് വന്ന വഴിയാണ് പോലീസ് അന്വേഷിക്കുന്നത്. എല്ലാ കൊലപാതകങ്ങളിലും തന്ത്രപരമായി കരുക്കൾ നീക്കിയ ജോളി ഒരിക്കലും തുടർച്ചയായി ഒരാളിൽനിന്നുതന്നെ സയനൈഡ് വാങ്ങില്ലെന്ന് അന്വേഷണസംഘം ഉറച്ചുവിശ്വസിക്കുന്നു.

ഇങ്ങനെ സയനൈഡ് വാങ്ങിയാൽ ഇതു സംശയത്തിനിടയാക്കും. ഇതൊഴിവാക്കാൻ ഒന്നിലേറെ മാർഗങ്ങൾ ജോളി തേടിയിട്ടുണ്ട്. ഒരു കേസിൽ മാത്രം സയനൈഡല്ല ഉപയോഗിച്ചതെന്നും വിവരമുണ്ട്. കുട്ടി മരിച്ച കേസിലാണിത്. ഇതിലേക്കു കൂടുതൽ അന്വേഷണം നടത്തണമെങ്കിൽ റോയി ഒഴികെയുള്ള അഞ്ചുപേരുടെ ഫൊറൻസിക് പരിശോധനാഫലം കിട്ടണം.

ഇവരുടെ മൃതദേഹത്തിൽനിന്ന് സയനൈഡിന്റെ അംശം കിട്ടിയാലേ കേസ് ശക്തമായി മുന്നോട്ടുപോകൂ. സയനൈഡ് വന്നവഴി സംബന്ധിച്ചു വ്യക്തമായ വിവരം കിട്ടിയിട്ടും നടപടികളിലേക്കു പോലീസ് പോകാത്തതിന്റെ കാരണവും പരിശോധനാഫലം കിട്ടാത്തതാണ്.

Content Highlights: koodathai murder case jolly collected cyanide through various ways