കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകക്കേസ് കോടതിയിൽ തെളിയിക്കലാണ് പോലീസിന്റെമുന്നിൽ ഇനിയുള്ള പ്രധാന വെല്ലുവിളിയെന്ന്‌ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ.

പതിനേഴു വർഷംമുമ്പാണ് ആദ്യത്തെ കൊലപാതകം നടന്നത്. അവസാനത്തേത് മൂന്നുവർഷം മുമ്പും. ദൃക്‌സാക്ഷികളൊന്നുമില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണപുരോഗതി വിലയിരുത്താൻ വടകര റൂറൽ എസ്.പി. ഓഫീസിലെത്തിയതായിരുന്നു ഡി.ജി.പി.

‘‘എന്റെ അനുഭവത്തിൽ വലിയ വെല്ലുവിളിയുള്ള കേസ് തന്നെയാണിത്. നമ്മൾ കരുതുന്നതുപോലെ അത്ര എളുപ്പമല്ല. ആറു കൊലപാതകങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഇനി എങ്ങനെ തെളിവുകൾ ശേഖരിക്കും എന്നതുതന്നെയാണ്‌ വെല്ലുവിളി. എങ്കിലും അന്വേഷണത്തിൽ ഒന്നും അസാധ്യമായതില്ല’’ -അദ്ദേഹം പറഞ്ഞു.

‘‘അമേരിക്കയിൽ കൊണ്ടുപോയി ഫൊറൻസിക് പരിശോധന നടത്താൻ പോലീസ് തയ്യാറാണ്. പല കേസുകളിലും വിദേശലാബുകളിൽ പരിശോധന നടന്നിട്ടുണ്ട്. അതിന് കോടതിയുടെ അനുമതിവേണം. ആറു കേസുകളും ആറു സംഘങ്ങളാണ് അന്വേഷിക്കുന്നത്. അതിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക സംഘമുണ്ട്. സാങ്കേതിക വിദഗ്ധരുടെ സംഘം വേറെയുണ്ട്. കേരള പോലീസിലെ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുള്ളത്. ആവശ്യമായ ഘട്ടത്തിൽ കൂടുതൽപ്പേരെ ഉൾപ്പെടുത്തും’’ -ബെഹ്റ കൂട്ടിച്ചേർത്തു.

കേസിൽ രാജ്യത്തെ വിവിധ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. നിയമവിദഗ്ധരുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽത്തന്നെ ആറു കൊലപാതകങ്ങൾ കണ്ടെത്താൻ കഴിഞ്ഞുവെന്നത് വളരെയേറെ അഭിനന്ദനാർഹമാണ്. എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അതിന്റെ മുഴുവൻ െക്രഡിറ്റെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: koodathai murder case; dgp loknath behra press meet