വടകര: കസ്റ്റഡിയിൽക്കിട്ടി രണ്ടാംദിവസംതന്നെ കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട 90 ശതമാനം വിവരങ്ങളും ജോളി പോലീസിനോട് തുറന്നുപറഞ്ഞു. ആറുപേരെയും കൊലപ്പെടുത്തിയത് താൻതന്നെയാണെന്ന് ജോളി ആവർത്തിച്ചു. എങ്ങനെയെന്നും വിശദമാക്കി.

സാഹചര്യത്തെളിവുകളും മറ്റുംനോക്കി ഓരോന്നും ഇഴകീറി പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് അന്വേഷണസംഘം. തെളിവെടുപ്പുസമയത്ത് പോലീസ് മുൻഗണന നൽകിയത് ഇതിനാണ്. അതിവിദഗ്ധമായി കരുക്കൾ നീക്കുന്ന ജോളിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് എല്ലാം അതേപോലെ പോലീസ് വിശ്വസിച്ചിട്ടില്ല. ചില കാര്യങ്ങളിൽ സംശയം നിലനിൽക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള മാത്യുവിനെയും ജോളിയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്ത് ചില കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുണ്ട്. ശനിയാഴ്ചതന്നെ ഇതുണ്ടാകും.

കൊലകൾ ജോളിയുടെ മാത്രം ആസൂത്രണമായിരുന്നോ അതോ മാത്യുവിന് പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. മാത്യു ഒരിക്കൽ മാത്രമാണ് പ്രജികുമാറിൽനിന്ന് സയനൈഡ് വാങ്ങിയതെന്നാണ് പോലീസിന് കിട്ടിയ വിവരം. വേറെ എവിടെനിന്നാണ് സയനൈഡ് കിട്ടിയതെന്നത് മാത്യുവിൽനിന്ന് അറിയാനുണ്ട്. ഇതിൽ വ്യക്തതവന്നാൽ കൂടുതൽ പ്രതികൾ കേസിലുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

പോലീസിനെപ്പോലും ഞെട്ടിച്ച് വെളിപ്പെടുത്തൽ

പലപ്പോഴും പോലീസിനെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു ജോളിയുടെ വെളിപ്പെടുത്തൽ. ടോം തോമസ് മുതലാണ് സയനൈഡ് ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ജോളി നൽകിയ െമാഴി. ഗുളികയിൽ സയനൈ‍ഡ് പുരട്ടിയാണ് നൽകിയത്. 2008-ലായിരുന്നു അത്. പിന്നീട് റോയിക്കും നൽകിയത് സയനൈഡ് തന്നെ. ഷാജുവിന്റെ മകൾ അൽഫൈനെ കൊന്നെന്ന് പറയുന്നുണ്ടെങ്കിലും സയനൈഡല്ല മറ്റെന്തോ വിഷവസ്തുവാണെന്നാണ് മൊഴി.

സിലി കഴിച്ച ഗുളികയിലും വെള്ളത്തിലും സയനൈഡ് കലർത്തിയെന്നാണ് മൊഴി. റോയി തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച അമ്മാവൻ മച്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്താൻ ജോളി പലതവണ അവസരം പാർത്തു. ഒടുവിൽ മാത്യുവിന്റെ വീട്ടിൽ ആരും ഇല്ലാതിരുന്ന ദിവസം അവിടെയെത്തി കാര്യം സാധിക്കുകയായിരുന്നു. മദ്യപിക്കുന്ന സമയത്ത് കഴിക്കാൻവെച്ച ഭക്ഷണത്തിലാണ് സയനൈഡ് കലർത്തിയത്. മദ്യത്തിലും കലർത്തിയതായി സംശയമുണ്ട്.

Content Highlights: koodathai murder case; accused jolly reveals all details about murder