കണ്ണൂർ: കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ കുടുക്കിയത് മലബാറിലെ മുംബൈ യാത്രക്കാരെ. വണ്ടികൾ വഴിമാറി ഓടുന്നതിനാൽ ഷൊർണൂർ, സൂറത്ത്കൽ സ്റ്റേഷനുകളിലെത്തി വേണം ഇവർക്കിപ്പോൾ മുംബൈ വണ്ടി പിടിക്കാൻ. പടീൽ-കുലശേഖരഭാഗത്ത് മണ്ണിടിഞ്ഞതിനാൽ എട്ടുദിവസമായി മലബാറുകാരുടെ യാത്ര ഇങ്ങനെയാണ്.

മംഗളൂരുവിൽനിന്ന് സുറത്ത്കലിലേക്ക് റോഡുവഴി 19 കിലോമീറ്ററുണ്ട്. ബസുകളിലാണ് ഉത്തരമലബാറിൽനിന്നുള്ള മുംബൈ യാത്രക്കാർ അവിടെയെത്തുന്നത്. മണ്ണിടിച്ചിലുണ്ടായതിന് അപ്പുറമെത്തിയ മത്സ്യഗന്ധ, മുംബൈ സി.എസ്.ടി., ഗോവ ഡെമു എന്നിവയ്ക്ക് മംഗളൂരുവിലേക്ക് എത്താനായിരുന്നില്ല. ഈ മൂന്നുവണ്ടികളുടെ റേക്കുകൾ ഉപയോഗിച്ച് റെയിൽവേ സൂറത്ത്കലിൽനിന്നു ഇപ്പോൾ ദിവസവും സർവീസ് നടത്തുന്നുണ്ട്. ഈ സ്റ്റേഷനിലെത്താൻ ആദ്യ ദിവസങ്ങളിൽ റെയിൽവേ ബസ് ഏർപ്പാടാക്കിയിരുന്നു. പിന്നീടിത് നിർത്തിയതായി യാത്രക്കാർ പറഞ്ഞു.

മംഗളൂരുവിൽനിന്നു ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വണ്ടികൾ ഇപ്പോൾ ഓടുന്നില്ല. കൊങ്കൺ വഴിയുള്ള നേത്രാവതി, മംഗള ഉൾപ്പെടെയുള്ള പ്രതിദിന വണ്ടികളടക്കം ഇപ്പോൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഷൊറണൂർ വഴിയാണ് ഇവ ഓടുന്നത്.

400 മീറ്റർ കഠിനാധ്വാനം

പാലക്കാട് ഡിവിഷന്റെ അതിർത്തിയാണ് കൊങ്കൺ പാതയോടുചേർന്നുള്ള പടീൽ-കുലശേഖര ഭാഗം. ഈ സെക്ഷനിൽ ജീവനക്കാർ കുറവാണ്. മണ്ണ് തുടർച്ചയായി വീഴുന്നതിനാൽ ഈ ഭാഗത്ത് 400 മീറ്റർ നീളത്തിൽ അനുബന്ധ പാളം നിർമിക്കുന്നുണ്ട്. പാലക്കാട് ഡിവിഷനിലെ ഓരോ ഗ്യാങ്ങിൽനിന്നുള്ള അഞ്ചുജീവനക്കാർ വീതമാണ് പാത ഒരുക്കുന്നത്.

content highlights: konkan railway