കൊല്ലം : സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അഗ്നിബാധയടക്കമുള്ള അപകടങ്ങൾ തടയാൻ ഒക്ടോബർ ഒന്നുമുതൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ്‌ സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നത്. എല്ലാ പെട്രോളിയം വിതരണക്കാർക്കും പമ്പുകൾക്കും പുതിയ ദുരന്തനിവാരണ പ്ലാൻ നൽകുമെന്ന്് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ്‌സ് ഡോ. ആർ.വേണുഗോപാൽ പറഞ്ഞു.

അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓരോ ജീവനക്കാരനും ചെയ്യേണ്ട കടമകൾ സംബന്ധിച്ച് ഇതിൽ നിർദേശം ഉണ്ടാവും. കഴിഞ്ഞദിവസം കൊല്ലം കാവനാട് പെട്രോൾ പമ്പിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നാണ് നടപടി. പമ്പുകളിൽ ഉണ്ടാവുന്ന നിസ്സാര അപകടങ്ങൾപോലും ബന്ധപ്പെട്ട ഇന്ധനവിതരണ ഏജൻസിയുടെ ഡിവിഷണൽ മാനേജരെ അറിയിക്കണം. ഡിവിഷണൽ മാനേജരും എൻജിനീയറിങ് വിഭാഗം മാനേജരും ഇത്തരം സംഭവങ്ങൾ അന്വേഷിച്ച് നടപടി എടുക്കണം.

ഏത് പമ്പിലും അറ്റകുറ്റപ്പണികൾ ആവശ്യമായിവന്നാൽ 48 മണിക്കൂറിനകം നിർവഹിക്കണം. അപകടകരമായ ചോർച്ച ഉണ്ടായാൽ 24 മണിക്കൂറിനകം പരിഹരിക്കണം. സ്ത്രീകളടക്കമുള്ള പമ്പിലെ എല്ലാ ജീവനക്കാരും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരായിരിക്കണം. മൂന്നുമാസത്തിലൊരിക്കൽ ഇവർക്ക് സെയിൽസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇതിനുള്ള പരിശീലനം നൽകണം.

പമ്പിലും പരിസരത്തും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെപ്പറ്റി നോട്ടീസ് പതിപ്പിക്കും. അനാവശ്യമായി വാഹനങ്ങൾ പമ്പുകളിൽ പാർക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം. വാഹനങ്ങൾ എപ്പോഴും പുറത്തേക്ക് ഓടിച്ചിറക്കാവുന്ന രീതിയിൽ മാത്രം പാർക്ക് ചെയ്യണം. ഇന്ധനം വിതരണം ചെയ്യുന്ന ഡിസ്പെൻസിങ് യൂണിറ്റിലെ എല്ലാവസ്തുക്കളിലും തീപിടിക്കാത്ത സംവിധാനം ഉറപ്പാക്കണം.

ഓരോ പമ്പ് ഐലൻഡിലും രണ്ടുവീതം ഫയർ എക്സ്റ്റിങ്‌ഗ്വിഷറും രണ്ട് വാട്ടർ ബക്കറ്റും വെച്ചിരിക്കണം. ഡിസ്‌പെൻസിങ് യൂണിറ്റുകളിൽ ഇലക്‌ട്രോണിക്‌ സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി.) പ്രവർത്തനക്ഷമമായിരിക്കണം. അടിയന്തരഘട്ടങ്ങളിൽ ടാങ്കുകളിൽനിന്ന് ഡിസ്‌പെൻസിങ് യൂണിറ്റിലേക്ക്് ഇന്ധനം വരുന്നത് തടയാനുള്ള എമർജൻസി ഷട്ട്ഡൗൺ സ്വിച്ച് പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകുക.