കൊല്ലം : സ്വന്തം എം.എൽ.എ. ആരെന്നറിയാത്ത നീ എന്റെ മുന്നിലുണ്ടെങ്കിൽ ചൂരൽവെച്ച് അടിച്ചേനേ...

ഫോൺ ചെയ്ത വിദ്യാർഥിയോട് നടനും കൊല്ലം എം.എൽ.എ.യുമായ എം.മുകേഷ് കയർത്തുസംസാരിച്ച ശബ്ദരേഖ വൈറലായി. പാലക്കാട് സ്വദേശിയെന്നു ചരിചയപ്പെടുത്തിയ വിദ്യാർഥിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക്‌ അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസിൽ പരാതി നൽകുമെന്നും മുകേഷ് പ്രതികരിച്ചു.

അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാർഥി പറയുമ്പോൾ യോഗത്തിലാണെന്നും എന്തിനാണ് തുടർച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്.

പാലക്കാട്ടുനിന്ന്‌ കൊല്ലം എം.എൽ.എ.യെ ഫോണിൽ വിളിക്കേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുകേഷ് പാലക്കാട് എം.എൽ.എ.എന്നൊരാൾ ജീവനോടെ ഇല്ലേയെന്നും ചോദിക്കുന്നുണ്ട്. കൂട്ടുകാരനാണ് നമ്പർ നൽകിയതെന്നു പറഞ്ഞതോടെ ‘അവനെ ചെവിക്കുറ്റി നോക്കി അടിക്കണം. വേറൊരു രാജ്യത്തെ എം.എൽ.എ.യുടെ നമ്പർ തന്നിട്ട് എന്താ അവൻ പറഞ്ഞത്. സ്വന്തം എം.എൽ.എ.യെ വിളിച്ചിട്ട് അവർ എന്തുപറയുന്നു എന്നു നോക്കിയിട്ടേ എന്നെ വിളിക്കാവൂ. സ്വന്തം എം.എൽ.എ.യെ വെറും ബഫൂണാക്കിയിട്ട് വേറേ നാട്ടിലെ എം.എൽ.എ.യെ വിളിക്കുന്നത് തെറ്റല്ലേ’ എന്നും ശബ്ദരേഖയിൽ ചോദിക്കുന്നുണ്ട്. ഒറ്റപ്പാലമാണ് സ്ഥലമെന്നുപറയുന്ന കുട്ടി അവിടത്തെ എം.എൽ.എ. ആരാണെന്നറിയില്ലെന്നു പറഞ്ഞപ്പോഴാണ് ചൂരൽവെച്ച് അടിച്ചേനേ എന്നു പറയുന്നത്.

ആദ്യത്തെ തവണ കോൾ വന്നപ്പോൾ താനൊരു സൂം മീറ്റിങ്ങിലായിരുന്നെന്ന് മുകേഷ് പറഞ്ഞു. തിരിച്ചുവിളിക്കാമെന്നു പറഞ്ഞിരുന്നു. ആറാമത്തെ തവണ വിളി വന്നപ്പോൾ സൂം മീറ്റിങ് കട്ടായി. പത്താംക്ലാസിൽ പഠിക്കുന്ന ഒരുകുട്ടി സ്വന്തം മണ്ഡലത്തിലെ എം.എൽ.എ.യെ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞത്.

തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമം.

എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്നു പറഞ്ഞത് സ്നേഹശാസനയായാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.