കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആറുപേര്‍കൂടി അറസ്റ്റിലായി. കമ്പക്കെട്ട് ആശാന്‍ സുരേന്ദ്രന്റെ തൊഴിലാളികളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം അണ്ടൂര്‍ക്കോണം കല്ലുവിളവീട്ടില്‍ സജീവന്‍ (സജി-38), തമിഴ്നാട് വിരുതുനഗര്‍ ശിവകാശി തൃത്തംഗല്‍ മൈനര്‍ ലൈനില്‍ ജോസഫ് (48), ഇയാളുടെ മകന്‍ ജോണ്‍സണ്‍ (26), മാവേലിക്കര പാലമേല്‍ പള്ളിമണ്‍ ചാങ്ങോത്തുവീട്ടില്‍ വിഷ്ണു (26), അടൂര്‍ വടക്കടത്തുകാവ് ചൂരക്കോട് തുറുവിളയില്‍ അനു (30), ശൂരനാട് വടക്ക് കുമ്പോപ്പുഴ പടീറ്റതില്‍ അജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം ക്ഷേത്രഭരണസമിതി ഭാരവാഹികളായ ഏഴുപേര്‍ കീഴടങ്ങിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. അനുമതിയില്ലാതെ പൊട്ടാസ്യം ക്‌ളോറേറ്റ് സൂക്ഷിച്ചതിനും വെടിമരുന്നിനുള്ള വസ്തുക്കളില്‍ ചേര്‍ത്തതിനും എക്‌സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തു.
അറസ്റ്റിലായ ഏഴ് ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരവൂര്‍ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച തള്ളി.