കൊല്ലം: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂരില്‍ സാന്ത്വനവുമായി മാതൃഭൂമിയും. കിണറുകള്‍ മലിനമായ പ്രദേശത്തെ വീടുകളില്‍ മാതൃഭൂമി കുടിവെള്ളമെത്തിച്ചു. 5,000 കുപ്പി ശുദ്ധജലം 500 ഓളം വീടുകളില്‍ വ്യാഴാഴ്ച രാവിലെ വിതരണം ചെയ്തു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ, നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഗൃഹസന്ദര്‍ശനം നടത്തി കുടിവെള്ളം എത്തിച്ചത്. മാതൃഭൂമി സംഘവും പ്രദേശവാസികളും കുടിവെള്ള വിതരണത്തിന് നേതൃത്വം നല്‍കി. 

പദ്ധതിയുടെ ഭാഗാമാകാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയെന്ന് രഞ്ജിത്ത്

ranjithവിഷു ആഘോഷങ്ങള്‍ ഇല്ലാത്ത വീടുകളിലേക്കാണ് വിഷു ദിവസം കടന്നുചെന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. വീട്ടമ്മമാര്‍ കുടിവെള്ളം ഏറ്റുവാങ്ങി. അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ചു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മരിച്ചവരുടെ കണക്കുകളാണ് എല്ലാവരും പറയുക. ജീവിച്ചിരിക്കുന്നവരുടെ പ്രശ്‌നങ്ങളും മനസിലാക്കേണ്ടതുണ്ട്.

രാസവസ്തുക്കളും മാംസക്കഷണങ്ങളും ചിതറിയ നിലയിലാണ് പ്രദേശത്തെ കിണറുകള്‍. ഭക്ഷണം പാകംചെയ്യുന്നതിനുള്ള സൗകര്യം പല വീടുകളിലും ഇല്ല. സമീപത്തെ ഹോട്ടലുകള്‍ തുറന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ചെന്നൈയില്‍ പ്രളയം ഉണ്ടായപ്പോഴും കുടിവെള്ളവും ഭക്ഷണവുമായി മാതൃഭൂമിയാണ് ആദ്യമെത്തിയത്. ചിട്ടയായ പ്രവര്‍ത്തനം മാതൃഭൂമി നടത്തി. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.

വിഷു ആശംസാ സന്ദേശങ്ങള്‍ മൊബൈലില്‍ ലഭിക്കുമ്പോള്‍ വിഷു ദിനത്തില്‍ പൂറ്റിങ്ങള്‍ ക്ഷേത്ര പരിസരത്തെ വീടുകളില്‍ കുടിവെള്ളം എത്തിക്കാനായതിന്റെ സംതൃപ്തി തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞ കുപ്പികള്‍ തിരികെവാങ്ങും

പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാന്‍ മൂന്നുദിവസത്തിനുശേഷം ഒഴിഞ്ഞ കുപ്പികള്‍ തിരികെ വാങ്ങും. അവ ലവ് പ്ലാസ്റ്റിക് പദ്ധതിയില്‍ റീസൈക്കിളിങ്ങിന് അയയ്ക്കും. രാസവസ്തുക്കളും വെടിമരുന്നും വീണ് കിണറുകള്‍ മലിനമായതിനെത്തുടര്‍ന്ന് അവയിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.