കൊല്ലം: കടം വാങ്ങാതെ സര്‍ക്കാരിന് ഒരിഞ്ചുപോലും മുന്നോട്ട് പോകാനാകില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കൊല്ലത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് വാര്‍ഷികത്തിനെത്തിയ തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
 
700 കോടി രൂപയേ ഖജനാവിലുള്ളൂ. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ 800 കോടി രൂപ വേണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്താണ് ചെയ്തത് എന്നറിയില്ല. അഞ്ചുവര്‍ഷം ചെയ്തതിന്റെ അനന്തരഫലമാണിത്. ലോകത്ത് എല്ലാ സര്‍ക്കാരും കടം വാങ്ങും. അത് എന്തിന് ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.
 
ഇടത് സര്‍ക്കാരും കടം വാങ്ങും. കടം വാങ്ങുന്ന പണം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉപയോഗിക്കുക. മറ്റുചില കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. എന്നാല്‍ അത് ജനങ്ങളെ ബാധിക്കില്ല. ദൈനംദിന കാര്യങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കടം വാങ്ങിയത്. അതിനാലാണ് ക്ഷേമ പെന്‍ഷനുകളൊക്കെ മുടങ്ങിയത്, പാവപ്പെട്ടവര്‍ വലഞ്ഞത്-മന്ത്രി പറഞ്ഞു.