കൊല്ലം : ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥിനി രാഖി കൃഷ്ണ തീവണ്ടിക്കുമുന്നിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപകർ കുറ്റക്കാരല്ലെന്ന് കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. കമ്മിഷൻ അംഗമായ കോളേജ് യൂണിയൻ ചെയർമാന്റെ വിയോജന കുറിപ്പോടെയാണ് റിപ്പോർട്ട് മാനേജ്‌മെന്റിന് സമർപ്പിച്ചത്.

ഏഴംഗ ആഭ്യന്തര കമ്മിഷനാണ് അന്വേഷണം നടത്തിയത്. അധ്യാപകർ രാഖിയെ ബോധപൂർവം അപമാനിച്ചിട്ടില്ലെന്നും കോപ്പിയടി പിടികൂടുമ്പോൾ സ്വാഭാവികമായി ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് റിപ്പോർട്ടിലുള്ളത്. അന്വേഷണം ഏകപക്ഷീയമായതിനാൽ അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ. പ്രതിനിധിയായ കോളേജ് യൂണിയൻ ചെയർമാൻ അജിത് ലാൽ വിയോജനക്കുറിപ്പ് നൽകി.

മൂന്ന് അധ്യാപകർ, രക്ഷാകർത്താക്കളുടെ രണ്ട് പ്രതിനിധികൾ, വിരമിച്ച ഒരു അധ്യാപകൻ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ. കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകർ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിലാണ് രാഖി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ അടക്കമുള്ളവർ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ പൂർണമായും തള്ളി അധ്യാപകരെ സംരക്ഷിക്കുന്നതാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. പരീക്ഷാഹാളിൽ വെച്ച് അധ്യാപകർ രാഖി കൃഷ്ണയെ മാനസികമായി പീഡിപ്പിച്ചിട്ടില്ല. പരീക്ഷയിൽ നടത്തിയ ക്രമക്കേട് കണ്ടെത്തിയതിന്റെ മനോവിഷമത്തിലാണ് രാഖി ജീവനൊടുക്കിയത്. അതിൽ അധ്യാപകർക്ക് പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവദിവസം മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്തിയ വിദ്യാർഥികൾ പോലും അധ്യാപകർക്കെതിരേ സമാനമൊഴി നൽകിയിട്ടില്ല. സസ്പെൻഷനിലായ ആറ് അധ്യാപകരെ തിരിച്ചെടുക്കാൻ വേണ്ടവിധമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വിദ്യാർഥിസംഘടനകൾ ആരോപിച്ചു.