കൊല്ലം : റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന അമ്മമാര്‍ക്ക് ഇനി സുരക്ഷിതമായി മുലയൂട്ടാം. മറ്റുള്ളവരുടെ ശല്യമില്ലാതെ അമ്മയ്ക്ക്് മുലയൂട്ടുന്നതിനുള്ള ക്യാബിന്‍ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലുമെത്തിക്കുന്ന റോട്ടറി ക്ലബ്ബിന്റെ മുലയൂട്ടല്‍ ക്യാബിന്‍ പദ്ധതിക്ക് കൊല്ലത്ത് തുടക്കമായി. റെയില്‍വേയുടെ സഹകരണത്തോടെയാണ് റോട്ടറി ക്ലബ്ബ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടമെന്നനിലയില്‍ കൊല്ലം െറയില്‍വേ സ്റ്റേഷനില്‍ റോയല്‍ സിറ്റി നല്‍കിയ രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചത്. പിങ്ക് നിറത്തിലുള്ള ക്യാബിനുള്ളില്‍ അമ്മയ്ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഫാനും ലൈറ്റും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മുലയൂട്ടുന്നതിന്റെ ചിത്രവും ക്യാബിന് പുറത്തായി വരച്ചുചേര്‍ത്തിട്ടുണ്ട്. അമ്പതിനായിരം രൂപ മുതല്‍മുടക്കിലാണ് രണ്ട് ക്യാബിനുകള്‍ റോയല്‍ സിറ്റി സജ്ജമാക്കിയത്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ബസ് സ്റ്റാന്‍ഡുകളില്‍ ക്യാബിനുകള്‍ സ്ഥാപിക്കണമെന്ന് ആലോചിച്ചിരുന്നെങ്കിലും സുരക്ഷാ ജിവനക്കാരില്ലാത്തതിനാല്‍ പലയിടത്തും ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത മനസ്സിലാക്കിയാണ്‌ െറയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുത്തതെന്ന് കൊല്ലം റോയല്‍ സിറ്റി പ്രസിഡന്റ് പ്രകാശന്‍ പിള്ള പറഞ്ഞു.

സ്ത്രീകളുടെ സ്വകാര്യത മാനിക്കപ്പെട്ട് അവര്‍ക്ക് സുരക്ഷിതമായി മുലയൂട്ടുന്നതിന് സൗകര്യമൊരുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. െറയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ െറയില്‍വേ സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന് ശ്രമമാരംഭിച്ചിട്ടുണ്ട്. െറയില്‍വേയുടെ മുലയൂട്ടല്‍ ക്യാബിനുകള്‍ സ്ത്രീകളുടെ വിശ്രമമുറികളിലാണ് വച്ചിരിക്കുന്നത്. പുതിയ ക്യാബിനുകള്‍ എത്തിയതോടെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ക്യാബിനുകള്‍ വയ്ക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. പ്‌ളാറ്റ്‌ഫോമിലായതിനാല്‍ യാത്രക്കാര്‍ക്ക് ക്യാബിന്‍ കാണുന്ന തരത്തില്‍ വയ്ക്കാന്‍ സാധിക്കും. റോട്ടറി ഗവര്‍ണര്‍ സുരേഷ് മാത്യുവാണ് കൊല്ലത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്.

സംരംഭം മാതൃക

സ്ത്രീകളുടെ വിശ്രമമുറിയില്‍ െറയില്‍വേയുടെ രണ്ട് മുലയൂട്ടല്‍ ക്യാബിനുകള്‍ നേരത്തേതന്നെയുണ്ട്. എന്നാല്‍ റോട്ടറിയുടെ പുതിയ സംരംഭം മാതൃകയാണ്.

-പി.എസ്.അജയകുമാര്‍

സ്റ്റേഷന്‍ മാനേജര്‍

കൊല്ലം