കൊല്ലം: എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളാവണം കൃതികളില്‍ പ്രതിഫലിക്കേണ്ടതെന്ന് പ്രശസ്ത ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ത്രിദിന സംസ്ഥാന സാഹിത്യ ക്യാമ്പ് മണ്‍റോത്തുരുത്ത് പെരുങ്ങാലം മാര്‍ത്തോമ ധ്യാനതീരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുഭവങ്ങളില്ലാത്ത ജീവിതം നിരര്‍ഥകമാണ്. പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും വേണ്ടവ ആര്‍ജിക്കാനും കഴിയണം. തന്റെ അനുഭവങ്ങളാണ് സിനിമയായി പുറത്തുവന്നതെന്നും അദേഹം പറഞ്ഞു.

നല്ലൊരു എഴുത്തുകാരനും സിനിമക്കാരനും സഹൃദയത്വമുള്ളവരായിരിക്കണം. സഹൃദയത്വമില്ലാത്തവരാണ് വിമര്‍ശനവുമായി ഇറങ്ങിപ്പുറപ്പെടുന്നത്. ചെയ്യുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അത്മവിശ്വാസം നേടിയെടുക്കാനും പുതുതായി എഴുത്തിന്റെ വഴിയിലെത്തുന്നവര്‍ക്ക് കഴിയണം. സാഹിത്യമേഖലയില്‍ സ്ത്രീകള്‍ സക്രിയമായി ഇടപെടുന്നതില്‍ സന്തോഷമുണ്ടെന്നും മാതൃഭൂമിയുടെ സാഹിത്യ ക്യാമ്പ് സ്ത്രീ പങ്കാളിത്തംകൊണ്ട് അത് തെളിയിച്ചിരിക്കുകയാണെന്നും അടൂര്‍ പറഞ്ഞു.

മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.വി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ ആത്മാവാണ് സാഹിത്യത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദേഹം പറഞ്ഞു. അവരുടെ മനസ്സ് ശുദ്ധമായിരിക്കണം. ശുദ്ധമായ മനസ്സില്‍നിന്ന് നല്ല സൃഷ്ടികള്‍ ഉണ്ടാവുമെന്നും അദേഹം വ്യക്തമാക്കി.

അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓര്‍മിപ്പിച്ചു. എഴുതാന്‍ തിരുമാനിക്കുമ്പോള്‍ നിങ്ങള്‍ നില്‍ക്കുന്നത് വലിയൊരു അപകടമേഖലയിലാണെന്ന് തിരിച്ചറിയണം. പരാജയത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ ജീവിതമൂല്യങ്ങളും തിരിച്ചറിയുന്നു-അദേഹം പറഞ്ഞു.

ക്യാമ്പ് ഡയറക്ടര്‍ സുഭാഷ്ചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ജന. സെക്രട്ടറി റിയാസ് കെ.എം.ആര്‍., ജില്ലാ രക്ഷാധികാരി ബിജു പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കവി പ്രഭാവര്‍മ 'നമ്മുടെ കാവ്യ പാരമ്പര്യം' എന്ന വിഷയം അവതരിപ്പിച്ചു. കാവ്യഭംഗി നഷ്ടപ്പെടുന്ന കാലത്തിലാണ് നാം ജിവിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കാവ്യഭാഷ സംശുദ്ധമായിരിക്കണമെന്നും അദേഹം പറഞ്ഞു.

ഉച്ചയ്ക്കുശേഷവും വൈകീട്ടും നടന്ന വിവിധ സെഷനുകള്‍ക്ക് രാംമോഹന്‍ പാലിയത്ത്, പി.വി.ഷാജികുമാര്‍, കുരീപ്പുഴ ശ്രീകുമാര്‍, ഉണ്ണി ആര്‍., ഗിരീഷ് പുലിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം യുവപ്രതിഭകള്‍ മൂന്നുദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.