സംവിധായകന്‍ ശശിശങ്കര്‍കോലഞ്ചേരി: പ്രശസ്ത സിനിമാ സംവിധായകന്‍ ശശിശങ്കര്‍ (58) അന്തരിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 'നാരായം' ഉള്‍പ്പെടെ പത്തിലേറെ ചിത്രങ്ങളുടെ സംവിധായകനാണ്.

പ്രമേഹ ബാധിതനായിരുന്ന ഇദ്ദേഹം രണ്ട് വര്‍ഷത്തോളമായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. രണ്ട് മാസം മുമ്പ് കോലഞ്ചേരി പാങ്കോടിലുള്ള വീട്ടിലെത്തി. ബുധനാഴ്ച രാവിലെ 8.30-ഓടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ശശിശങ്കറെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്ത് വര്‍ഷത്തിലേറെ സത്യന്‍ അന്തിക്കാടിന്റെ കൂടെ 35 സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു. 1993-ല്‍ പുറത്തിറങ്ങിയ 'നാരായം' ആയിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിന് മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതോടെ ശശിശങ്കര്‍ സ്വതന്ത്ര സംവിധായകനെന്ന നിലയിലുള്ള അരങ്ങേറ്റം ഗംഭീരമാക്കി.

പുന്നാരം (1995), മന്ത്രമോതിരം (1997), ഗുരുശിഷ്യര്‍ (1997), മിസ്റ്റര്‍ ബട്‌ലര്‍ (2000), കുഞ്ഞിക്കൂനന്‍ (2002), സര്‍ക്കാര്‍ദാദ (2005) തുടങ്ങിയവയാണ് പിന്നീട് ചെയ്ത മലയാള ചിത്രങ്ങള്‍. മലയാളത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും ശശിശങ്കറിന് ലഭിച്ചിരുന്നു.
 
മലയാളത്തില്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായ കുഞ്ഞിക്കൂനന്റെ തമിഴ് പതിപ്പായ പേരഴകന്‍, പഗഡൈ പഗഡൈ എന്നിവയാണ് ശശിശങ്കര്‍ ഒരുക്കിയ തമിഴ് ചിത്രങ്ങള്‍.

ചെറിയ പ്രായത്തിലേ സിനിമയോട് കൂട്ടുകൂടിയ ശശിശങ്കര്‍ പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ചൈന്നെയിലെത്തി. അവിടെ ജോലി ചെയ്തിരുന്ന അമ്മാവന്‍ പാച്ചുപിള്ളയോടൊപ്പം വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ ശേഷം, പി.എ. ബക്കറെ പരിചയപ്പെട്ടതാണ് ശശിശങ്കറെ സിനിമാ ലോകത്ത് എത്തിച്ചത്. അദ്ദേഹത്തോടൊപ്പം ചാട്ട, ചാരം തുടങ്ങിയ സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.

കോലഞ്ചേരി പാങ്കോട് കീരിക്കാട്ടില്‍ (പ്രഭാ നിവാസ്) പരേതനായ ശങ്കര പിള്ളയുടേയും കല്യാണിയമ്മയുടേയും മകനാണ്. ബീനയാണ് ഭാര്യ. വിഷ്ണുവും മീനാക്ഷിയും മക്കളാണ്.

മൃതദേഹം കോലഞ്ചേരിയിലെ ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മൃതദേഹം പാങ്കോട്ടിലെ വസതിയില്‍ കൊണ്ടുവന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. മകന്‍ വിഷ്ണു ചെന്നൈയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനും മീനാക്ഷി അവിടെത്തന്നെ കൗണ്‍സലിംഗും പഠിക്കുകയാണ്.