തിരുവനന്തപുരം: ഇടതുമുന്നണിക്ക് 2004-ന് സമാനമായ വിജയമുണ്ടാകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടതുമുന്നണിക്ക് അനുകൂലമായാണ് വന്നത്. 2004-ലും പോളിങ് ശതമാനം ഉയരുകയും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുകയും ചെയ്തപ്പോൾ 18 സീറ്റും നേടിയത് ഇടതുമുന്നണിയായിരുന്നു. ഇത് ഇത്തവണയുമുണ്ടാകുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതെന്ന് കോടിയേരി പറഞ്ഞു.

രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാട് മണ്ഡലത്തിൽ മാത്രമാണ് ചലനമുണ്ടാക്കിയത്. മറ്റിടങ്ങളിലൊന്നും അത് സ്വാധീനിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം തന്നെയാണ് ഇത്തവണയുമുണ്ടായത്. അന്ന് 15 ശതമാനം വോട്ടുകൾ ബി.ജെ.പി.ക്ക് കിട്ടി. എന്നിട്ടും കൂടുതൽ സീറ്റ് നേടിയത് ഇടതുമുന്നണിയാണ്. അതിനാൽ, പോളിങ്ങിലെ വർധന ഇടതുമുന്നണിക്ക് ആശങ്കയുണ്ടാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പി.-കോൺഗ്രസ് വോട്ടുകച്ചവടം

അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി.-കോൺഗ്രസ് വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. അത് നേരത്തേ അറിഞ്ഞ് പ്രതിരോധിക്കാൻ ഇടതുമുന്നണിക്കായതിനാൽ കൂടുതൽ വോട്ടുകൾ അനുകൂലമായി പോൾ ചെയ്യിക്കാനായി. അതിനാൽ, വോട്ടുകച്ചവടം ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ല.

ഭൂരിപക്ഷ വിഭാഗത്തിലെ ചില സമുദായ സംഘടനകൾ ഇടതുമുന്നണിയെ പരസ്യമായി സഹായിച്ചു. എൻ.എസ്.എസ്. സമദൂര നിലപാടാണ് സ്വീകരിച്ചത്. പോളിങ്ങിന് വിവി പാറ്റ് ഉപയോഗിക്കുമ്പോൾ വോട്ടെടുപ്പുസമയം വൈകുമെന്ന് കണക്കാക്കി ബൂത്തുകൾ ക്രമീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Content Highlights: kodiyeri balakrishnan says ldf will win in 14 seats